കേരളത്തിന്റെ ജൈവവൈവിധ്യം: തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വലിയ സമ്പത്ത് കേന്ദ്രമന്ത്രി ശശിതരൂര്‍

January 6, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നമ്മുടെ ജൈവവൈവിധ്യം തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വലിയ സമ്പത്താണെന്ന് കേന്ദ്രമാനവവിഭവശേഷിസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ ആയൂര്‍ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എയിഡഡ് ഡ്രഗ് ഡിസൈന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക ശാസ്ത്രത്തെപ്പോലും അദ്ഭുതപ്പെടുത്തുന്ന നിരവധി സവിശേഷതകള്‍ നമ്മുടെ പ്രകൃതിയിലുണ്ട്. വേണ്ടത്ര ഗവേഷണവും ഡോക്യുമെന്റേഷനുമില്ലാത്തതുകൊണ്ടാണ് ആയൂര്‍വേദത്തിന് അര്‍ഹിക്കുന്ന പ്രസക്തി ലഭിക്കാതെ പോകുന്നത്. വരും തലമുറകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി കണ്ടെത്തലുകള്‍ക്ക് ആയൂര്‍ ഇന്‍ഫര്‍മാറ്റിക്‌സും കമ്പ്യൂട്ടര്‍ എയിഡഡ് ഡ്രഗ് ഡിസൈനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പിന് കീഴിലാണ് ആയൂര്‍ ഇന്‍ഫര്‍മാറ്റിക്‌സ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ6.9 കോടിയുടെ സാമ്പത്തികസഹായം ഇതിനായി ലഭിച്ചു.

കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എന്‍.വീരമണികണ്ഠന്‍, വകുപ്പ് മേധാവി അച്യുത് ശങ്കര്‍ എസ്.നായര്‍, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി.ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍