ജനസൗഹൃദ പോലീസ് സംവിധാനം ലക്ഷ്യം- ആഭ്യന്തരമന്ത്രി

January 7, 2014 കേരളം

തിരുവനന്തപുരം: ജനപക്ഷത്തു നില്‍ക്കുന്നതും ജനസൗഹൃദവുമായ പോലീസ് സംവിധാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യത്തെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ട് പ്രശ്‌നപരിഹാരവും ജനങ്ങള്‍ക്ക് സാന്ത്വനവും നല്‍കുന്ന പോലീസ് സേനയാണ് ലക്ഷ്യം. അത്തരത്തില്‍ ജനത്തിനോടു സൗഹാര്‍ദ്ദപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കുക, അപമാനങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും രക്ഷ നേടുക എന്നീ ആശയവുമായി നിര്‍ഭയകേരളം പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ആറു ജില്ലകളില്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും. കൊല്ലം, ആലപ്പുഴ , കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുള്‍പ്പെടെയുള്ളവര്‍ വനിതകളായിരിക്കും. നിലവിലുള്ള പോലീസ് സ്‌റ്റേഷനുകള്‍ക്ക് പുറമേയാണിത്. ഈ സ്റ്റേഷനുകളുടെ അധികാര പരിധിയും മറ്റു കാര്യങ്ങളും ആഭ്യന്തരവകുപ്പു സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയുമുള്‍പ്പെടുന്ന സമിതി പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കും. സ്ത്രീകളും കുറ്റാന്വേഷണ രംഗത്ത് മികവു പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓഫീസ് , പൊതു സ്ഥലം, യാത്രാവേളകള്‍ മുതലായിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരും. നിലവില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കുകയും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സൈബര്‍ കേസുകള്‍ ഫലപ്രദമായി തെളിയിക്കുന്നതിന് കൂടുതല്‍ ഉപകരണങ്ങളും സൗകര്യങ്ങളും കൊണ്ടുവരും.സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സര്‍വീസ് അദാലത്തുകള്‍ നടത്തും. ഇത് താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവീര്യം പകരുമെന്നതിനൊപ്പം പരാതികള്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാന പോലീസ് ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയിലെ നൂറനാടുള്ള പാലമേല്‍ പഞ്ചായത്തില്‍ ആധുനീക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉള്‍പ്പെടെ സജ്ജമാക്കി കമാന്‍ഡോ ട്രെയിനിംഗ് സ്‌കൂളും ആസ്ഥാനവും രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് പോലീസ് സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി കെല്‍ട്രോണുമായി സഹകരിച്ചുകൊണ്ട് ഹൈടെക് മോണിട്ടറിംഗ് സിസ്റ്റം കൊണ്ടുവരും. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി ഹൈടെക് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍സ് എന്ന് അറിയപ്പെടും. അക്രമണങ്ങള്‍ക്ക് ഇരയായി പരിക്കും മാരകമായ അപകടവും സംഭവിക്കുന്നവര്‍ക്ക് മതിയായ സഹായവും നഷ്ടപരിഹാരവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനുള്ള പദ്ധതി ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ക്വട്ടേഷന്‍-ബ്ലേഡ്-മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യും. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. പെറ്റി കേസുകള്‍ പരിഹരിക്കുന്നതിനു കോടതികളില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ അത് കോമ്പൗണ്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയിലാണ്. പോലീസ് സൂപ്രണ്ടുമാര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയാല്‍ കാലതാമസമൊഴിവാക്കാനാകും.അതിനായി ശ്രമിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ക്ക് ആക്കം കൂട്ടും. സംസ്ഥാനത്ത് പോലീസ് കമ്മീഷണറേറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആഭ്യന്തരവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.രാധാകൃഷ്ണന്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, എഡിജിപി എം.എന്‍.കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം