സേവനത്തിന്റെ പുതിയ മാതൃകയായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദേ്യാഗസ്ഥര്‍

January 8, 2014 ക്ഷേത്രവിശേഷങ്ങള്‍

saba3-pbശബരിമല: സേവന മാതൃകകളുടെ സംഗമഭൂമിയാണ് ശബരിമല. അനേ്യാന്യം ബഹുമാനിച്ചും  പരസ്പരം സഹായിച്ചും ഭക്തന്‍മാര്‍ കഴിയുന്ന ഈ പുണ്യഭൂമിയില്‍ ഡ്യൂട്ടിക്കെത്തുന്ന ഉദേ്യാഗസ്ഥര്‍ പോലും അധികാരം മറന്ന് സേവന തല്‍പ്പരരാകുന്നതും ഇതുകൊണ്ട് തന്നെയാണ്.
ശബരിമലയില്‍ സേവന മാതൃകയുടെ പുതിയൊരദ്ധ്യായം രചിക്കുകയാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദേ്യാഗസ്ഥര്‍. മണ്ഡലകാലം തൊട്ട് മകരവിളക്കു മഹോത്സവം കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ അയ്യപ്പസന്നിധാനവും മാളികപ്പുറവും അടക്കം ക്ഷേത്രസന്നിധി കഴുകി വൃത്തിയാക്കുന്നത് ഈ സംഘമാണ്. ഉച്ചപൂജകഴിഞ്ഞ് നട അടയ്ക്കുന്നത് മുതല്‍ വൈകിട്ട് തുറക്കുന്നതുവരെയുള്ള ഇടവേളകളിലാണ് ക്ഷേത്രം കഴുകുന്നത്. ഡ്യൂട്ടിപ്രകാരം ക്ഷേത്രം കഴുകുന്നത് ഇവരുടെ ചുമതലയല്ല. എന്നാല്‍ ഒരു സേവനം എന്ന നിലയിലാണ് എല്ലാദിവസവും മുടങ്ങാതെ ഉദ്യോഗസ്ഥര്‍ ഈ പ്രവ്യത്തി ചെയ്യുന്നത്. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ, ക്ഷേത്ര പരിസരങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ തുടങ്ങി തിരക്കേറിയ ജോലിക്കിടയിലാണ് സന്നിധാനം കഴുകി വൃത്തിയാക്കുന്നതിനായി ഇവര്‍ സമയം കണ്ടെത്തുന്നത്.
സന്നിധാനം മുതല്‍ പമ്പ വരെയുള്ള വഴിയില്‍ ഭക്തര്‍ക്ക് പരിപൂര്‍ണ്ണ സഹായമായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദേ്യാഗസ്ഥരുണ്ട്. കഴിഞ്ഞ ദിവസം ഇരുന്നൂറടിയിലേറെ താഴ്ച്ചയിലേക്ക് വീണ അയ്യപ്പഭക്തനെ രക്ഷിച്ചതുള്‍പ്പെടെ നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്.വയനാട് ജില്ലാ ഓഫീസര്‍ അഷ്‌റഫലി, അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സന്നിധാനത്തെ ചുമതല. ലീഡിങ്ങ് ഫയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് മാളികപ്പുറത്ത് പ്രവൃത്തിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍