അയ്യപ്പന്മാരോട് കാടത്തം വേണ്ട

January 9, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Ayyappa-editorialശബരിമലയില്‍ ഇക്കഴിഞ്ഞദിവസം പോലീസ് നടത്തിയ മോശമായ പെരമാറ്റവും ലാത്തിച്ചാര്‍ജ്ജുംമൊക്കെ ഒരു മഹാക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് കളങ്കം ചാര്‍ത്തുന്ന അത്യന്തം നികൃഷ്ടമായ നടപടികളാണ്. പമ്പയില്‍ നിന്നു പന്ത്രണ്ടും അതിലധികവും മണിക്കൂറുകള്‍ എടുത്താണ് അയ്യപ്പന്മാര്‍ സന്നിധാനത്തെത്തുന്നത്. കേരളത്തില്‍ നിന്ന് മാത്രമല്ല തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അതിനപ്പുറത്തുനിന്നുമൊക്കെ ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ വരുന്ന വീഴ്ചയാണ് ഇതുപോലൊരു പാപപങ്കിലമായ നടപടി തിരുസന്നിധിയില്‍തന്നെ ഉണ്ടായതിനു കാരണം. എന്നാല്‍ ഈ സംഭവത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഭരണകൂടമോ മാദ്ധ്യമങ്ങളോ എടുത്തില്ല എന്നതാണ് ഖേദകരം. ഇത്രയും ഗുരുതരമായ വിഷയമുണ്ടായിട്ട് അതിനനുസരിച്ചുള്ള പ്രതികരണം ഉണ്ടായിട്ടില്ല.

ഹൈക്കോടതിയുടെ നിരീക്ഷണത്തിനു വിധേയമായാണ് ഇപ്പോള്‍ ശബരിമലയില്‍ പ്രവര്‍ത്തനം നടക്കുന്നത്. എന്നിട്ടുപോലും അയ്യപ്പന്മാരോട് നീചമായാണ് പോലീസ് പെരുമാറിയത്. ഇതു സംബന്ധിച്ച് ഹൈക്കോടതി അടിയന്തിരമായി നിര്‍ദ്ദേശം നല്‍കി എന്നതാണ് ഈ വിഷയത്തില്‍ ഉണ്ടായ ഏക നടപടി. ശബരിമല തീര്‍ത്ഥാടകരോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഗതാഗത ക്രമീകരണങ്ങളുടെ പേരില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുട്ടാക്കരുതെന്നും ജസ്റ്റിസ്മാരായ ടി.ആര്‍. രാമചന്ദ്രന്‍നായര്‍, ബി.കമാല്‍ബാഷെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബഞ്ചിന്റെ നിര്‍ദ്ദശം ഉണ്ടായി. പോലീസ് മര്‍ദ്ദനം സംബന്ധിച്ച് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്.

മാലയിട്ട് വ്രതം നോറ്റ് ശബരീശനെ കാണാന്‍ കാതങ്ങള്‍ താണ്ടിയാണ് അയ്യപ്പന്മാര്‍ ശരണപാതയില്‍ എത്തുന്നത്. പമ്പയില്‍ എത്തിയാല്‍ പിന്നെ കലിയുഗവരദനെ ദര്‍ശിക്കാനുള്ള തിടുക്കമാണ്. എങ്കിലും എല്ലാ വിഘ്‌നങ്ങളും സഹിച്ച്, കല്ലുംമുള്ളും കാലിനു മെത്തിയാക്കി, കുടിവെള്ളവും ആഹാരവുമില്ലാതെ മണിക്കൂറുകളോളം അയ്യപ്പന്മാര്‍ ശബരീശ ദര്‍ശനം എന്ന ആഗ്രഹ സാഫല്യത്തിനായി കാത്തു നില്‍ക്കുന്നു. മിക്കപ്പോഴും പ്രാഥമിക കര്‍മ്മങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെയാണ് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ പമ്പയില്‍നിന്ന് സന്നിധാനത്തോളം നിരക്കുന്നത്. പിന്നീട് അവരുടെ നീക്കം ഇഞ്ചിനെഞ്ചിന് എന്നവണ്ണമാണ്. ഈ സമയത്ത് കുടിവെള്ളവും ആഹാരവും എത്തിക്കുകയും അവര്‍ക്ക് സാന്ത്വനമായി നല്‍കുകയും ചെയ്യേണ്ട പോലീസുകാര്‍ അയ്യപ്പന്മാരെ ലാത്തിവീശി ഓടിച്ചു എന്നത് കാടത്തമെന്ന വാക്കിനു പോലും ലജ്ജാകരമാണ്.

അയ്യപ്പന്മാര്‍ വരി തെറ്റിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. വരി തെറ്റിച്ചുവെങ്കില്‍ അതിനുകാരണം ആവശ്യത്തിനു സുരക്ഷാ ഭടന്മാര്‍ ഇല്ലാതിരുന്നു എന്നതാണ്. ഇക്കാര്യം അന്നുതന്നെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് വലയത്തിനുള്ളില്‍ നിന്നു ദര്‍ശനം നടത്തുന്ന ആഭ്യന്തരമന്ത്രിയെപ്പോലുള്ള വി.ഐ.പികള്‍ക്ക് പത്തും പന്ത്രണ്ടും മണിക്കൂര്‍ ക്യൂ നിന്ന് ഭഗവാനെ ദര്‍ശിക്കാന്‍ എത്തുന്ന അയ്യപ്പന്മാരുടെ മനോവികാരം മനസ്സിലാവില്ല.

ഇനിയുള്ള ദിനങ്ങളിലും എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് അയ്യപ്പന്മാരുടെ അഭൂതപൂര്‍വ്വമായ തിരക്ക് ഉണ്ടാകും എന്നുറപ്പാണ്. ഇത് മുന്നില്‍കണ്ടുകൊണ്ട് കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കണം. മുന്‍കാലത്തുണ്ടായ ദുരന്തങ്ങളില്‍നിന്ന് ആഭ്യന്തരവകുപ്പും പോലീസ് സേനയും പാഠം പഠിച്ചില്ല എന്നതാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്. എത്ര തിരക്കുണ്ടായാലും അത് നിയന്ത്രിക്കാന്‍ തക്കവണ്ണമുള്ള സുരക്ഷാക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണം. മകരവിളക്കിന് ഇനി നാലുദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന കാര്യം അധികാരികള്‍ മറക്കരുത്.

അയ്യപ്പന്മാരെ തല്ലിച്ചതച്ചതിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഊണും ഉറക്കവുമുപേക്ഷിച്ച് ഭൂരിപക്ഷം ‘പോലീസ് അയ്യപ്പന്മാരും’ ശബരിമലയിലെ സേവനം തങ്ങള്‍ക്കു കിട്ടിയ ജീവിതനിയോഗമായാണ് കാണുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പോലീസിനുള്ളില്‍ത്തന്നെ ചില കറുത്തകൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നകാര്യവും അന്വേഷണവിധേയമാക്കേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍