മകരവിളക്ക്: ഹൃദയ പുനര്‍ജ്ജീവനയന്ത്രവുമായി ആരോഗ്യവകുപ്പ് ഊര്‍ജ്ജിതം

January 10, 2014 മറ്റുവാര്‍ത്തകള്‍

ശബരിമല: മകരവിളക്കിന് ഇനി അഞ്ചു ദിവസം ശേഷിക്കേ ഹൃദയപുനര്‍ജ്ജീവന യന്ത്രമടക്കമുള്ള വിപുലമായ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ് സന്നിധാനത്ത് കൂടുതല്‍ സജീവമായി. സന്നിധാനത്ത് അനുഭവപ്പെടുന്ന അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ശബരി സഞ്ജീവനി പദ്ധതിയുടെ ഭാഗമായുള്ള സെന്ററുകളില്‍ ഹൃദയപുനര്‍ജ്ജീവന യന്ത്രം ലഭ്യമാക്കിയതാണ് മുഖ്യസവിശേഷത. നിലവിലുള്ള ആറു സെന്ററുകളില്‍ ശരംകുത്തി, മരക്കൂട്ടം, നീലിമല, സ്വാമി അയ്യപ്പന്‍ റോഡ്, കരിമല എന്നീ അഞ്ചു കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കും. മലകയറിവരുമ്പോള്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെയുളള ശാരീരികാസ്വസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് ഏറെ പ്രയോജനകരമാണ്  പുനര്‍ജ്ജീവനയന്ത്രം. അഞ്ചു കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കൊച്ചിന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഇതോടെ പമ്പയില്‍ നിന്നുള്ള കയറ്റത്തില്‍ ഓരോ അരകിലോമീറ്റര്‍ ദൂരത്തിലും ഭക്തര്‍ക്ക് ഹൃദയ പുനര്‍ജീവനയന്ത്രത്തിന്റെ സൗകര്യം ലഭ്യമാക്കും. ശബരി സഞ്ജീവനി പദ്ധതിയില്‍ നിലവിലെ ആറ് സെന്ററുകള്‍ക്ക് പുറമേ കരിമയിലുള്‍പ്പെടെ രണ്ട് മൊബൈല്‍ കേന്ദ്രങ്ങളും ആരംഭിക്കും.

മകരവിളക്ക് ദിവസമായ ജനുവരി 14 ന് രണ്ടു 108 ആംബുലന്‍സുകളും അമൃത, അപ്പോളൊ എന്നീ സ്വകാര്യ ആശുപത്രിയുടെ രണ്ട് ആംബുലന്‍സുകളുമടക്കം ആറ് എ എല്‍ എസ് ആംബുലന്‍സുകള്‍ ലഭ്യമാക്കും. പമ്പാ ആശുപത്രി, തൃവേണിപ്പാലം, ദേവസ്വം ബോര്‍ഡ് പെട്രോള്‍ പമ്പ്, പമ്പ ഹില്‍ഡൗണ്‍, കെ എസ് ആര്‍ ടി സിബസ്സ് സ്റ്റേഷന്‍, ഹിയര്‍പിന്‍ വളവ്, ഹില്‍ടോപ്പ്, ചാലക്കയം ഗെയ്റ്റ്, അട്ടത്തോട്, അയ്യന്‍മല, നെല്ലിമല, നിലയ്ക്കല്‍, വടശ്ശേരിക്കര, ളാഹ എന്നീ പതിനാലു സ്ഥലങ്ങളിലായി 18 ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനുവരി 14 മുതല്‍ പത്തനംതിട്ടജില്ല മെഡിക്കല്‍ ഓഫീസില്‍ മൂന്ന് ദിവസം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതു കൂടാതെ തിരുവാഭരണഘോഷയാത്രയ്ക്ക് അകമ്പടിയായി പന്തളം മുതല്‍ പമ്പവരെയും തിരിച്ചും ഒരു ആംബുലന്‍സടക്കം പ്രത്യേക മെഡിക്കല്‍ ടീമുകളെയും നിയോഗിക്കും. ഗവ.ഡിസ്‌പെന്‍സറി പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, നിലയ്ക്കല്‍ എന്നീ സെന്ററുകളില്‍ മകരവിളക്ക്  കാലയളവില്‍ അധികമായി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. എമര്‍ജന്‍സിലൈഫ് കെയറില്‍ പരിശീലനം ലഭിച്ച നിലവിലെ സന്നദ്ധ വൊളന്റിയര്‍മാര്‍ക്കൊപ്പം മൂന്നു യൂണിറ്റ് വൊളന്റിയര്‍മാരെക്കൂടി  നിയമിക്കും. ഒപ്പം 60 പോലീസുകാര്‍ക്കും വിവിധ വകുപ്പുകളിലെ 48 ഉദ്യോഗസ്ഥര്‍ക്കും ബേസിക്ക് ലൈഫ് സപ്പോര്‍ട്ടില്‍ വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. കാര്‍ഡിയോളജി സെന്ററുകളിലെ ഐ.എസി.യു, അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് സന്നിധാനത്തെ തിയറ്റര്‍, അവശ്യമരുന്നുകളുടെ ലഭ്യത തുടങ്ങിയവ സന്ദര്‍ശിച്ച് ഉറപ്പ് വരുത്തിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍