പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ അപേക്ഷ കോടതി തള്ളി

January 10, 2014 കേരളം

തൃശ്ശൂര്‍ : പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ അപേക്ഷ തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഹര്‍ജി സാമൂഹ്യനീതിക്കും പൊതുതാത്പര്യത്തിനും എതിരാണെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് പ്രതികള്‍ക്കെതിരായ വിചാരണ തുടരും. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 22ലേക്ക് മാറ്റി.

കേസില്‍ ആദ്യം മുതല്‍ക്ക് ഹാജരായത് അഡീഷണല്‍ ലീഗല്‍ അഡ്വൈസറായ ബിജു മനോഹര്‍ ആയിരുന്നെന്നും എന്നാല്‍ പിന്‍വലിക്കല്‍ ഹര്‍ജിയില്‍ ഹാജരായത് ലീഗല്‍ അഡ്വൈസറായ പി ജെ അഗസ്റ്റിനാണെന്നും പിന്‍വലിക്കല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ യാതൊരു ഉത്തരവാദിത്വവും കാണിച്ചില്ലെന്നും കോടതി നിരീക്ഷണത്തില്‍ പറയുന്നു.

കേസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസ് ആയതിനാല്‍ പൊതുജന താത്പര്യമുണ്ടെന്നും പിന്‍വലിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെയും വി എസ് സുനില്‍ കുമാര്‍ എംഎല്‍എയുടെയും വാദം. രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയും ആയിരുന്ന ടി എച്ച് മുസ്തഫ, അഞ്ചാംപ്രതി മുന്‍ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളിയത് ഇക്കാരണം കൊണ്ടായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സെപ്റ്റംബര്‍ 24നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിന് തെളിവില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കേസ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന 1991-1992 കാലത്ത് പതിനായിരം മെട്രിക് ടണ്‍ പാമോലിന്‍ മലേഷ്യയില്‍ നിന്നും ഇറക്കുമതിയില്‍ ചെയ്തതില്‍ 2.32 കോടി രൂപ സര്‍ക്കാരിന് നഷ്ടം സംഭവിച്ചു എന്നായിരുന്നു കേസ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയുമായിരുന്നു. പാമോലിന്‍ ഇറക്കുമതി ചെയ്ത സമയത്തെ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ എ ജെ തോമസ് അടക്കം ഏഴ് പേരായിരുന്നു കേസിലെ ആകെ പ്രതികള്‍. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നത്. 2005 കാലഘട്ടത്തില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് വന്ന വി സ് സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ചു.

2010ല്‍ കെ കരുണാകരന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്നു ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയും തള്ളിയിരുന്നു. മുന്‍ചീഫ് സെക്രട്ടറി പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സക്കറിയ മാത്യു, മുന്‍ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍, മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോമസ് കമ്പനി പ്രതിനിധികള്‍ എന്നിവരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം