സ്കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു മാറ്റാന്‍ തീരുമാനം

January 10, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു മാറ്റാന്‍ തീരുമാനം. ഒന്നു മുതല്‍ പ്ളസ്ടു വരെയുള്ള സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്കു മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ തീരുമാനിച്ചതു പ്രകാരം അഞ്ച്, ഏഴ് ക്ളാസുകളിലെ മലയാളം പാഠപുസ്തകം ഈ അധ്യയന വര്‍ഷം മുതല്‍ പഴയ ലിപിയിലേക്കു മാറ്റും.

അടുത്ത അധ്യയന വര്‍ഷം പരിഷ്കരണം നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് പ്ളസ് വണ്‍ ക്ളാസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗ ത്തിനു കരിക്കുലം കമ്മിറ്റി അം ഗീകാരം നല്‍കി. പ്ളസ് വണ്‍ ക്ളാസുകളിലെ 37 പരിഷ്കരിച്ച പാഠപുസ്തകങ്ങളും ഇതില്‍ പെടും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളില്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതകളില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പു നടത്തുന്ന ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്, ഡിപ്ളോമ ഇന്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവകൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കോളജുകളില്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) പദ്ധതി ഹയര്‍ സെക്കന്‍ഡറിയില്‍ ന ടപ്പാക്കുന്നതിനു രൂപരേഖ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷണല്‍ ഹ യര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയെ നിയമിച്ചു.

നിലവില്‍ ഹയര്‍സെക്കന്‍ഡറിയില്‍ വിദ്യാര്‍ഥി പഠിക്കുന്ന നാല് കോര്‍ സബ്ജക്ടുകളില്‍ ഒന്നിനു പകരം അസാപിനു കീഴിലെ കോഴ്സ് തെരഞ്ഞെടുക്കാമെ ന്നും മാര്‍ക്ക് പരിഗണിക്കാമെ ന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

ഹയര്‍സെക്കന്‍ഡറി ക്ളാസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കുകയാണെങ്കില്‍ ഈ ദിവസം അസാപിന് ഉപയോഗിക്കാമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ടിടിസിക്കു പകരമായി വന്ന ഡിഎഡ് കോഴ്സുകളുടെ ക്ളാസുകള്‍ സമയബന്ധിതമായി തുടങ്ങാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

പരീക്ഷ എഴുതുന്നവര്‍ക്ക് നിശ്ചിത അറ്റന്‍ഡന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. ഡിഎഡിന്റെ ഒന്നും മൂന്നും സെമസ്റര്‍ പരീക്ഷകള്‍ എല്ലാവര്‍ഷവും നവംബറിലും രണ്ടും നാലും സെമസ്റര്‍ പരീക്ഷകള്‍ ഏപ്രിലിലും നടത്താനുള്ള നിര്‍ദേശം സബ്കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. കോഴ്സ് കാലയളവില്‍ പരീക്ഷ വിജയിക്കാത്തവര്‍ക്ക് അതിനുശേഷം പരമാവധി മൂന്ന് വര്‍ഷം വരെ സമയം അനുവദിക്കാനും തീരുമാനിച്ചു.

ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള പഠനം കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതിന്റെ സാധ്യത പഠിച്ച് പ്രായോഗിക സമീപന രേഖ തയാറാക്കാന്‍ പ്രത്യേകശില്‍പ്പശാല നടത്തും.

വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന സൌഹൃദ, നിര്‍ഭയ, കൌമാര വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ചട്ടക്കൂട് തയാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്) വി.എച്ച്.എസ്.ഇ ഡയറക്ടര്‍, ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ , വിഎച്ച്എസ്ഇ ഡയറക്ടര്‍ മോഹനന്‍ , എസ്സിഇആര്‍ടി ഡയറക്ടര്‍ പ്രഫ. കെ.എ. ഹാഷിം, ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ ബാബു സെബാസ്റ്യന്‍ , അധ്യാപക സംഘടനാ നേതാക്കളായ സിറിയക്ക് കാവില്‍, ജെ.ശശി, എ.കെ. സൈനുദ്ധീന്‍ , ഹരിഗോവിന്ദന്‍ , കെ.ടി അബ്ദുല്‍ ലത്തീഫ് , ഷാജി പാരിപ്പള്ളി, ഷാജു പുത്തൂര്‍ , എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം