കൃഷി മന്ത്രി കെ.പി. മോഹനന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി

January 12, 2014 കേരളം

ശബരിമല: 46 വര്‍ഷങ്ങളായുള്ള പതിവു തെറ്റിക്കാതെ കൃഷി മന്ത്രി കെ.പി. മോഹനന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് മന്ത്രിയും സംഘവും സന്നിധാനത്തെത്തിയത്. അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കന്നി അയ്യപ്പന്മാരുമടക്കം നാല്‍പ്പത്തിനാലു പേരാണ് ഇത്തവണ മന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ഉച്ചയോടെ എരുമേലിയില്‍ എത്തിയ മന്ത്രിയും സംഘവും പേട്ടതുള്ളി രാത്രിയോടെ പമ്പയിലെത്തി. മന്ത്രിയുടെ അച്ഛന്റെ നേതൃത്വത്തില്‍ അറുപതോളം പേരടങ്ങുന്ന സംഘമായാണ് വര്‍ഷങ്ങളായി ദര്‍ശനത്തിനെത്താറ്. അച്ഛന്റെ പിന്‍തുടര്‍ച്ചയായാണ് സംഘത്തിന്റെ ഗുരുസ്വാമി പദം മന്ത്രി ഏറ്റെടുത്തത്.. കഴിഞ്ഞ 20 വര്‍ഷമായി നാട്ടുകാരും, ബന്ധുക്കളും, പാര്‍ട്ടിപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ സംഘത്തിന്റെ ഗുരുസ്വാമിയാണ് മന്ത്രി. കേരള ഫീഡ്‌സ് എം.ഡി ഡോ.സജി.എസ് ദാസ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ മന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. ദര്‍ശനത്തിനുശേഷം നെയ്യഭിഷേകവും കഴിഞ്ഞ് ശബരിമല ശുചീകരണവുമായി ബന്ധപ്പെട്ട പുണ്യംപൂങ്കാവനം പരിപാടിയിലും പങ്കെടുത്താണ് മന്ത്രി തിരിച്ചുപോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം