കുരങ്ങുകളെ വിഷംകൊടുത്തുകൊന്ന സംഭവം വിവാദമാകുന്നു

January 13, 2014 കേരളം

പാലോട്: പതിനഞ്ചോളം കാട്ടുകുരങ്ങുകളെ വിഷ​ കലര്‍ന്ന ആഹാരംകൊടുത്തു കൊന്നു. പുരയിടത്തില്‍ ഒളിപ്പിച്ച ഏഴു കുരങ്ങുകളുടെ ശവശരീരം വനപാലകരുടെ അന്വേഷണത്തില്‍ കണ്ടെടുത്തു. പാലോട് റേഞ്ച് ഓഫീസ് പരിധിയില്‍പ്പെട്ട ജവഹര്‍ കോളനി സേനാനിപുരത്താണ് സംഭവം നടന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് ഈ പ്രദേശത്ത് കാട്ടുകുരങ്ങുകള്‍ ചത്തുവീണു തുടങ്ങിയത്. ഏഴു വയസ്സുമുതല്‍ ആറു മാസം വരെ പ്രായമുള്ള കുരങ്ങുകളാണ് ചത്തത്.  ശവശരീരങ്ങള്‍ പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. വനം/വന്യജീവി നിയമം അനുസരിച്ച് ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന ജീവിയായ കാട്ടുകുരങ്ങിനെ  കൊല്ലുന്നത് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുരങ്ങുകളെ വിഷംകൊടുത്തു കൊന്ന സംഭവത്തില്‍ സേനാനിപുരത്തെ കരാര്‍ തൊഴിലാളിയെ സംശയിക്കുന്നതായി റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം