വ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കണം-കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍

January 13, 2014 കേരളം

തിരുവനന്തപുരം: വ്യക്തിതാത്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യസ്‌നേഹത്തിന് മുന്‍തൂക്കം നല്‍കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ യുവജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ക്കാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം. പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ആത്മാര്‍ത്ഥതയോടും ധൈര്യത്തോടും മുന്നോട്ടുപോകാന്‍ യുവാക്കള്‍ക്ക് കഴിയണം. സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തി ഉണ്ട്. ആഘോഷങ്ങള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം. ഉദ്ദേശം പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണം എന്ന വിവേകാനന്ദ സൂക്തം ജീവിതത്തില്‍ മാതൃകയാക്കി ഉയര്‍ത്തിപ്പിടിക്കണം. രാജ്യസ്‌നേഹത്തിനും ജനക്ഷേമത്തിനും ഒന്നാം സ്ഥാനം നല്‍കി മുന്നോട്ടുപോയാല്‍ മാത്രമേ രാജ്യം വികസിക്കുകയുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ പുഗഴേന്തി, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ എസ്.നജുമുദ്ദീന്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ഫിനാന്‍സ് ഓഫീസര്‍ അജിത്കുമാര്‍, കൗണ്‍സിലര്‍ ഹരികുമാര്‍ മുതലായവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം