ശ്രീരാമനവമി മഹോത്സവം – 2014 ആലോചനായോഗം ചേര്‍ന്നു

January 17, 2014 ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമനവമി മഹോത്സവം -2014 ആലോചനായോഗത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സംസാരിക്കുന്നു. ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

ശ്രീരാമനവമി മഹോത്സവം -2014 ആലോചനായോഗത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സംസാരിക്കുന്നു. ബ്രഹ്മചാരി പ്രവിത് കുമാര്‍ സമീപം.

തിരുവനന്തപുരം: ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ അവതാരദിനമായ ശ്രീരാമനവമി ഈവര്‍ഷം ഏപ്രില്‍ 8നു സമാഗതമാവുന്നു. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഈ വര്‍ഷത്തെ ശ്രീരാമനവമി മഹോത്സവത്തിനു മാര്‍ച്ച് 15നു തുടക്കം കുറിക്കും. ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവം സംബന്ധിച്ച ആലോചനായോഗം തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള ശ്രീരാമദാസമിഷന്‍ ആഫീസില്‍‌ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ബ്രഹ്മചാരി പ്രവിത് കുമാര്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ഒന്‍പതുപേരടങ്ങുന്ന കോര്‍കമ്മിറ്റി നിലവില്‍ വന്നു. തിരവനന്തപുരം ജില്ലാകണ്‍വീനറായി ടി.മുരുകനെയും ജോ.കണ്‍വീനറായി എസ് .പ്രദീപ് കുമാറിനെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ 24 കൊല്ലമായി ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ശ്രീരാമനവമി രഥയാത്ര ഇക്കൊല്ലവും വിപുലമായ രീതിയില്‍ നടത്തുന്നതിനായുള്ള  സ്വാഗതസംഘരൂപീകരണ യോഗം ജനുവിരി 25ന് സ്റ്റാച്യുവിലുള്ള ഭാരതീയവിചാരകേന്ദ്രം ആഡിറ്റോറിയത്തില്‍ ചേരുന്നതിന് തീരുമാനിച്ചു.

കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കുന്ന ശ്രീരാമരഥയാത്ര, അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തുമായി നടക്കുന്ന ശ്രീരാമലീല, അനന്തപുരിയില്‍ നിന്ന് ആശ്രമത്തിലേക്ക് പാദുകസമര്‍പ്പണ ശോഭായാത്ര, ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വച്ചു നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം, ശ്രീരാമായണ നവാഹയജ്ഞം, ഹനുമത് ജയന്തിദിവസത്തെ പ്രതിഷ്ഠാവാര്‍ഷികപൂജ, മഹാലക്ഷ്മീപൂജ
എന്നിവയാണ് ശ്രീരാമനവമി മഹോത്സവപരിപാടികള്‍ . മാര്‍ച്ച് 15നു കൊല്ലൂരില്‍ വച്ച് ശ്രീരാമരഥത്തില്‍ ഭദ്രദീപപ്രതിഷ്ഠ നടക്കുന്നതോടെ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ശ്രീരാമനവമി മഹോത്സവപരിപാടികള്‍ ഏപ്രില്‍ 19ന് വൈകുന്നേരം പണിമൂല ദേവീക്ഷേത്രത്തിലേക്ക് നടക്കുന്ന ആറാട്ട് ഘോഷയാത്രയോടെ പര്യവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍