പോലീസ് സേനയില്‍ കൂടുതല്‍ വനിതകള്‍ കടന്നുവരണം – മന്ത്രി പി.കെ. ജയലക്ഷ്മി

January 17, 2014 കേരളം

തിരുവനന്തപുരം: പോലീസ് സേനയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. എണ്ണം കൂടുന്നതിനനുസരിച്ച് വനിതാ പോലീസ് സേനാംഗങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് കേരളാ പോലീസ് വനിതാ പോലീസ് ശാക്തീകരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി.കെ. ജയലക്ഷ്മി. കേരളാ പോലീസില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകളുള്ളത്. ഈ സ്ഥിതി മാറണം. സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്താനാവണം. ഈ ദിശയില്‍ കേരളാ പോലീസിന്റെ പരിശ്രമങ്ങള്‍ മാതൃകാപരമാണെങ്കിലും ഇത് കൂടുതല്‍ മെച്ചപ്പെടണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മേയര്‍ അഡ്വ. കെ. ചന്ദ്രികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ദക്ഷിണമേഖലാ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, മുന്‍ ഡി.ജി.പി പി.എം. നായര്‍, പാര്‍വ്വതി ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 175 ല്‍പ്പരം വനിതാ പോലീസ് ഓഫീസര്‍മാരാണ് രണ്ടുദിവസത്തെ സെമിനാറില്‍ പങ്കെടുക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം