സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

January 18, 2014 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ ഹൈന്ദവ ആചാര പ്രകാരം വൈകിട്ട് അഞ്ച് മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. മകന്‍ ശിവ് പുഷ്‌കറാണ് ചിതയ്ക്ക് തീകൊളുത്തി. അതേസമയം സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്യും.

ഇന്നലെയാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയില്‍ ഹോട്ടല്‍ ലീല പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമായിരുന്നു പോസ്റ്റ് മോര്‍ട്ടം. സുനന്ദയുടെ മകനും സഹോദരനും ഡല്‍ഹിയിലെത്തി.

മരണ കാരണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സുനന്ദ ഇന്നലെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടു. സുനന്ദയുടെ അവസാന ട്വിറ്റര്‍ കുറിപ്പുകള്‍ പോലീസ് പരിശോധിക്കും. സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി തേടി.

വൈകീട്ട് മൂന്നരയോടെ ശശി തരൂരിന്റെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, കെ.സി.വേണുഗോപാല്‍ , രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

കശ്മീരിലേക്കോ തിരുവനന്തപുരത്തേക്കോ മൃതദേഹം കൊണ്ടുപോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സുനന്ദയ്ക്ക് ഇഷ്ടപ്പെട്ട നഗരം എന്ന നിലയില്‍ ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കാന്‍ ഒടുവില്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ചിതാഭസ്മം കേരളത്തിലേക്കും കശ്മീരിലേക്കും കൊണ്ടുപോകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം