കേജരിവാളിനെയും മന്ത്രിമാരെയും പോലീസ് തടഞ്ഞു

January 20, 2014 ദേശീയം

യൂഡല്‍ഹി: ഡല്‍ഹി പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും മറ്റ് മന്ത്രിമാരെയും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് റെയില്‍ഭവന് മുന്നില്‍ മന്ത്രിമാര്‍ കുത്തിയിരിപ്പ് സമരം നടത്തി. കൃത്യവിലോപം നടത്തിയ മൂന്ന് പോലീസുകാര്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് കെജരിവാളിന്റെ ആവശ്യം. പൊതുജനങ്ങളോ പ്രവര്‍ത്തകരോ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കരുതെന്ന് കെജരിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. കേജരിവാളിന്റെയും മന്ത്രിമാരുടെയും ധര്‍ണയോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആം ആദ്മി സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നേരത്തേ നിയമമന്ത്രി സോംനാഥ് ഭാരതി നടത്തിയ റെയ്ഡുമായി പോലീസ് സഹകരിക്കാതിരുന്നത് വിവാദമായിരുന്നു. വനിതാ ശിശുക്ഷേമമന്ത്രി രാഖി ബിര്‍ളയുമായി മറ്റൊരു പോലീസുകാരനും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ പോലീസ് നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഡാനിഷ് വനിത ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാതിരുന്ന പോലീസ് നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. മൂന്ന് സംഭവത്തെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം