എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം ഉടന്‍ നല്‍കും: മുഖ്യമന്ത്രി

January 27, 2014 കേരളം

CMതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള രണ്ടാം ഗഡു ആനുകൂല്യം ഉടനെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. ഗുണഭോക്താക്കളുടെ പട്ടികയില്‍ കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുന്നുണ്ട്. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. സമരം നടത്തുന്നവരുമായി ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് തയാറാണ്. ഇവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മന്ത്രി കെ.പി.മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം കെ.കുഞ്ഞിരാമന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാഗ്ദാനങ്ങളല്ല നടപടികളാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. അതേസമയം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ തുടങ്ങിയ അനിശ്ചിതകാല കഞ്ഞിവയ്പ് സമരം തുടരുകയാണ്. കാസര്‍ഗോഡ് നിന്നുള്ള അന്‍പതോളം അമ്മമാരും കുഞ്ഞുങ്ങളുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സമരത്തില്‍ പങ്കെടുക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം