ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് യെദ്യൂരപ്പ

January 27, 2014 ദേശീയം

മംഗലാപുരം: മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഷിമോഗ ലോക്‌സഭ മണ്ഡലത്തിലേക്ക് ബിജെപി യോഗ്യനായ സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുമെന്നും അദ്ദേഹം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ മംഗലാപുരത്ത് എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയത്. ഷിമോഗയില്‍ നിന്നും യെദ്യൂരപ്പ മത്സരിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്ന അവസരത്തില്‍ യെദ്യൂരപ്പ കേന്ദ്രമന്ത്രിയാകുമെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. തനിക്ക് അധികാരമോഹമില്ലെന്ന് ഇതിന് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു. കേന്ദ്രമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കില്‍ മുന്‍ പ്രധാനമന്ത്രി ആയിരുന്ന എ ബി വായ്‌പേയിയുടെ വാഗ്ദാനം സ്വീകരിക്കുമായിരുന്നെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ജനതാ പാര്‍ട്ടി ബിജെപിയുമായി ലയിച്ചപ്പോള്‍ താന്‍ പാര്‍ട്ടി പദവികളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി ആക്കുന്നതിനു വേണ്ടി യത്‌നിക്കുമെന്നും തനിക്കും ഈശ്വരപ്പയ്ക്കും ഇടയില്‍ ഇപ്പോള്‍ ശത്രുത ഒന്നും ഇല്ലെന്നും പഴയതെല്ലാം മറന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയില്‍ ബിജെപി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണം യെദ്യൂരപ്പ തള്ളി. കോണ്‍ഗ്രസാണ് വര്‍ഗീയതയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം