ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

January 27, 2014 കേരളം

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തിന് ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് വികസനം യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മാതൃ-ശിശുമന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഒഫ്താല്‍മിക് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററും കാരുണ്യമെഡിക്കല്‍ സ്റ്റോറും ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 400 പേരെ കിടത്തിചികിത്സിക്കാനുളള സൗകര്യമാണ് പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുന്നതെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന വാഹനത്തിന്റെ കൈമാറല്‍ച്ചടങ്ങിന്റെ ഉദ്ഘാടനം എ. സമ്പത്ത് എം.പി.യും മെഡിക്കല്‍സ്റ്റോര്‍ മന്ദിരത്തിന്റെ തറക്കല്ലിടല്‍ കോലിയകോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ.യും നിര്‍വഹിച്ചു.

ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ ഏറ്റുവാങ്ങി. പാലോട് രവി എം.എല്‍.എ., നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം