ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ക്രമീകരണങ്ങള്‍ വിലയിരുത്തി

January 27, 2014 കേരളം

അയിരൂര്‍: അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി  മന്ത്രി പി.ജെ. ജോസഫിന്‍റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.  അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറിലെ പൊടി പ്രശ്‌നം പരിഹരിക്കുന്നതിനായി വെള്ളം തളിക്കുന്നതിന് അഗ്നിശമനസേനയ്ക്ക് ഉത്തരവു നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

പരിഷത്ത് നഗറില്‍ രാജു ഏബ്രഹാം എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. കണ്‍വന്‍ഷന്‍ സമാപിച്ചശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.

പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് നിരത്തുവിഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും  മാലിന്യ ശേഖരണത്തിന് വീപ്പകള്‍ വയ്ക്കാനും യോഗത്തില്‍ തീരുമാനമായി. മണല്‍പ്പുറം വൃത്തിയാക്കുന്ന ജോലി ഇറിഗേഷന്‍ വകുപ്പ് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
പരിഷത്ത് നഗറിലേക്കുള്ള റോഡ് അരികില്‍ കരിങ്കല്‍ക്കെട്ട് നിര്‍മിക്കുന്നതിന് മേജര്‍ ഇറിഗേഷന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി പി.ജെ. ജോസഫ്  നിര്‍ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജിചാക്കോ, ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ്, ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ദുരന്തനിവാരണം ഡപ്യുട്ടി കളക്ടര്‍ ഒ.രാജു, തിരുവല്ല ആര്‍ഡിഒ എ. ഗോപകുമാര്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീകല ഹരികുമാര്‍, വൈസ് പ്രസിഡന്റ് ജസി വര്‍ഗീസ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥകുറുപ്പ്, വൈസ് പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി അഡ്വ.എം.പി. ശശിധരന്‍ നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എ.ജി. ഹരിഹരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം