സി.പി.എമ്മിനെ ആരു വിശ്വസിക്കും?

January 29, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

CROWD-PBകേരളത്തിലെ ഏറ്റവും ശക്തവും കേഡര്‍ സ്വഭാവമുള്ളതുമായ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. സംസ്ഥാനത്ത് നിരവധി തവണ ഭരണത്തിന് നേതൃത്വം കൊടുത്ത സി.പി.എം ഇന്ന് അതിന്റെ ഭൂതകാല നന്മകളില്‍നിന്ന് ഏറെ അകലുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷാവിധി പുറത്തുവന്നതോടെ ഈ പ്രസ്ഥാനത്തിനു മേല്‍ വലിയൊരു കളങ്കമാണ് ചാര്‍ത്തപ്പെട്ടിരിക്കുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതുമുതല്‍ തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് ആണയിട്ടവര്‍ക്ക് ശിക്ഷാവിധി തിരിച്ചടിയാണ്. ശിക്ഷിക്കപ്പെട്ട 12 പ്രതികളില്‍ പതിനൊന്നുപേര്‍ക്കും ജീവപര്യന്തമാണ്. ഇതില്‍ മൂന്നുപേര്‍ സി.പി.എം നേതാക്കളാണെന്നത് ആ പാര്‍ട്ടിയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ശിക്ഷതന്നെ പ്രതികള്‍ക്കു ലഭിക്കുമെന്ന് കേരളീയ പൊതുസമൂഹം ധരിച്ച ഒരു കേസിലാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു തെളിഞ്ഞ പി.കെ. കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നി സി.പി.എം സഹയാത്രികര്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്. വധ ഗൂഢാലോചനയില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ജീവപര്യന്തം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി.പി.എം ഇവരെ പാര്‍ട്ടിയില്‍നിന്ന സസ്‌പെന്റ് ചെയ്യുകയെങ്കിലും വേണ്ടതാണ്. എന്നാല്‍ കേന്ദ്ര അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയെടുക്കു എന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

പി.കെ. കുഞ്ഞനന്തന്റെ വിധിയാണ് സി.പി.എമ്മിനെ ഏറ്റവുമധികം വേട്ടയാടാന്‍ പോകുന്നത്. സംസ്ഥാന നേതൃത്വത്തിനു പ്രിയങ്കരനായ കുഞ്ഞനന്തന്‍ ഒരുപാട് അരുംകൊലകള്‍ക്ക് ചുക്കാന്‍പിടിച്ചുവെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിക്കുള്ളിലെ നിരവധി രഹസ്യങ്ങള്‍ അറിയാവുന്ന ചന്ദ്രാനന്ദനെതിരെ അത്രപെട്ടന്നൊന്നും നടപടിയെടുക്കാനാവില്ല. ചന്ദ്രാനന്ദനെ സംരക്ഷിക്കേണ്ടതുള്ളതുകൊണ്ട് മറ്റു രണ്ടുപേരെയും സി.പി.എമ്മിനു തള്ളിപ്പറയാനാവില്ല. ഇതിനര്‍ത്ഥം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്നതാണ് ടി.പി. ചന്ദ്രശേഖരന്‍ വധം എന്നാണ്. അങ്ങനെയല്ല എന്ന് എത്രതവണ സി.പി.എം പറഞ്ഞാലും അത് കേരളീയര്‍ വിശ്വസിക്കുമെന്നു തോന്നുന്നില്ല.  അനേകം പ്രാവശ്യം കേരളം ഭരിക്കുകയും ഇനിയും ഭരിക്കാന്‍ സാധ്യതയുള്ളതുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍നിന്ന് ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ടി.പി. വധത്തില്‍  സി.പി.എമ്മിന്റെ പങ്ക്. ശിക്ഷാവിധി വന്നശേഷവും സി.പി.എം നേതൃത്വം ഉരുണ്ടുകളിക്കുകയാണ്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്  സി.പി.എം എങ്കില്‍ തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ തുറന്നുപറഞ്ഞുകൊണ്ട് കേരളീയ സമൂഹത്തോട് പാര്‍ട്ടി മാപ്പുചോദിക്കണം. എന്നാല്‍ ധാര്‍ഷ്ട്യവും അഹങ്കാരവും താന്‍പോരിമയും മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനത്തില്‍നിന്ന് അത് പ്രതീക്ഷിക്കുക വയ്യ. ശതകോടികളുടെ ആസ്തിയുളള  സി.പി.എം കേരള ഘടകമാണ് ഇന്ന് ദേശീയതലത്തില്‍തന്നെ ഈ പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. ആ നിലയില്‍ കേന്ദ്ര നേതൃത്വവും കേരള ഘടകത്തിനു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുകയേ ഉള്ളു. പക്ഷേ സമാധാനം കാംഷിക്കുന്ന കേരളീയ സമൂഹത്തിനു മുന്നില്‍  സി.പി.എമ്മിന്റെ ‘വിശ്വരൂപ’മാണ് ടി.പി. കേസ് വിധിയോടെ തെളിയുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം സി.പി. എമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായില്ലെങ്കില്‍ ആയിരക്കണക്കിന് രക്തസാക്ഷികളുടെ കണ്ണീരിലും ചോരയിലും പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനം അപചയത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് ആണ്ടുപോവുമെന്ന് മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍