നിതാഖത്ത്- സമഗ്ര പുനരധിവാസ പദ്ധതികള്‍ക്ക് മന്ത്രിസഭാ ഉപസമിതി രൂപംനല്‍കി- മന്ത്രി.കെസി.ജോസഫ്

January 29, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: നിതാഖത്ത് മൂലം തിരികെയെത്തിയവരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി വിശദമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളതായി നോര്‍ക്ക മന്ത്രി കെസി.ജോസഫ് നിയമസഭയെ അറിയിച്ചു. ഉബൈദുള്ള എം.എല്‍.എ. യുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ആരംഭിച്ച നോര്‍ക്ക സഹായക കേന്ദ്രങ്ങള്‍ വഴി തിരികെയെത്തിവരെക്കുറിച്ച് ശേഖരിച്ച വിശദമായ വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പ്രത്യേകം പുനരധിവാസ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലെ നോര്‍ക്ക ഉപദേശക സമിതികള്‍ ഉടന്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. നോര്‍ക്കയുടെ പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. പദ്ധതി കൂടുതല്‍ വിപുലീകരിച്ച് പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടപ്പാക്കും. സംസ്ഥാനത്ത് നിലവിലുള്ള സ്വയം സംരംഭക മേഖലയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ക്ഷീര വികസനം, മത്സ്യക്യഷി, ചെറുകിട വ്യാപാരം, പച്ചക്കറിക്യഷി, കോഴിവളര്‍ത്തല്‍, കാര്‍ഷിക മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറുള്ളവരും, ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്ത് ചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധനം ചെലവ് വരുന്ന പദ്ധതികള്‍ക്ക് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകള്‍ കെ.എഫ്.സി, കെ.എസ്.എഫ്.ഇ. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പകള്‍ ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് മൊത്തം മൂലധന തുകയുടെ 10 ശതമാനം ‘ബാക്ക് എന്‍ഡ്’ സബ്‌സിഡിയായി ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ ലഭിച്ച അപേക്ഷകളെ കാര്‍ഷികം, വ്യവസായം, കച്ചവടം, സേവനം, ഉത്പാദന സംരംഭം എന്നീ മേഖലകളിലായി തരംതിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നു.

കാനറ ബാങ്കുമായി ചേര്‍ന്നുള്ള സംരംഭമായ ടാക്‌സി സര്‍വ്വീസിന് 90 ശതമാനം വായ്പ ലഭ്യമാക്കുന്ന ഒരു സ്‌കീം ആവിഷ്‌കരിച്ച് നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കാര്‍ഷിക വ്യവസായ മേഖലയില്‍ പദ്ധതികള്‍ ആരംഭിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുളളവര്‍ക്ക് കൃഷി വകുപ്പില്‍ നിലവിലുളള പദ്ധതികളുമായി ഏകോപിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് സംരംഭകരെ സഹായിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താത്പര്യമുളളവരെ കണ്ടെത്തി പരിശീലനം നല്‍കി കേരള സ്റ്റേറ്റ് ഏന്റര്‍പ്രൊണര്‍ ഡവലപ്‌മെന്റ് മിഷന്‍ മുഖേനെ സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കും. നിതാഖത് മൂലം ജോലി നഷ്ടപ്പെട്ടു തിരികെയെത്തിയ ഒ.ബി.സി വിഭാഗത്തിലെ പ്രവാസികളെ സഹായിക്കുവാനായി കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച് 20 ലക്ഷം രൂപവരെ മുതല്‍ മുടക്കുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്‌സിഡിയും, 3 ശതമാനം പലിശ നിരക്കില്‍ വായ്പയും അനുവദിക്കും. പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍