എന്‍ഡോസള്‍ഫാന്‍: ആശ്വാസ നടപടികള്‍ ത്വരിതപ്പെടുത്തും

January 29, 2014 കേരളം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍, ഡോ.എം.കെ.മുനീര്‍ എന്നിവര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നിയമസഭയിലെ ചേംബറില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്നിഹിതനായിരുന്നു.

കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ കെ.പി.അരവിന്ദന്‍ കമ്മിറ്റി 3205 പേരെ പരിശോധിച്ചിരുന്നു. പതിനൊന്നു ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറത്തുള്ള ദുരിതബാധിതരായ അംഗവൈകല്യം വന്നവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവങ്ങനെയുളളവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകുല്യങ്ങളില്‍ ആദ്യഗഡു മാര്‍ച്ച് 31 നകം ലഭ്യമാക്കാന്‍ നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ശേഷം തയ്യാറാക്കിയ രോഗികളുടെ പട്ടിക താരതമ്യം ചെയ്ത് ക്രോഡീകരിച്ച് പഞ്ചായത്ത് അതിര്‍ത്തി ബാധകമാക്കാതെ അന്തിമ പട്ടിക തയ്യാറാക്കാനും കെ.പി.അരവിന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കാനും തീരുമാനമായി. ഫെബ്രുവരി 28 ഇതിന് സമയപരിധിയായി തീരുമാനിച്ചിട്ടുണ്ട്. ദുരന്ത ബാധിതരില്‍ ആനുകുല്യത്തിന്റെ ഒന്നാം ഗഡു കിട്ടാത്തവര്‍ക്ക് മാര്‍ച്ച് 31 നകം അവ ലഭ്യമാക്കും. രണ്ടാം ഗഡു നല്‍കുന്നതിലേക്ക് 26 കോടി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് തളളിക്കളയണമെന്ന് യോഗം സമവായത്തിലെത്തിയതിനാല്‍ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. കടമെടുത്ത് ചികിത്സനടത്തിയ ദുരന്തബാധിതരുടെമേലുളള ജപ്തി തുടങ്ങിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് യോഗത്തിലുയര്‍ന്ന പൊതുവികാരം കണക്കിലെടുത്ത് ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ജനുവരി 31 നകം തേടി അനുകൂല നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ദുരിതബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തും. എന്നാല്‍ അടിയന്തര ഘട്ടങ്ങളിലും കുട്ടികള്‍ ജനിക്കുന്ന സന്ദര്‍ഭങ്ങളിലും നിലവില്‍ കളക്ടറുടെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തിയ സമിതിയുടെ ചികിത്സാ സഹായം ലഭിക്കും. ഗോഡൗണുകളില്‍ കണ്ടെയിനറുകളില്‍ സൂക്ഷിച്ചിട്ടുളള എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് മൂന്ന് മാസത്തിനകം നിര്‍വീര്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. നെഞ്ചാംപറമ്പില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുണ്ടെന്ന സംശയം ദൂരികരിക്കുന്നതിന് സമരസമിതി പ്രതിനിധികളുടെ സഹകരണത്തോടെ സി.ഡബ്ല്യു.ആര്‍.ഡി.എം. ന്റെ സഹായം തേടി പരിശോധന നടത്തും. ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരത്തെ തീരുമാനിച്ച 1500 രൂപ അധിക വേതനം ലഭ്യമാക്കാന്‍ നടപടിയെടുക്കും. ബഡ്‌സ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നിശ്ചിത പരിധിയായ പഞ്ചായത്തിനു പുറത്തു നിന്നും കുട്ടികളെ എത്തിക്കുന്നതിനും പെര്‍മിസീവ് അനുമതി നല്‍കും. ദുരന്ത ബാധിതര്‍ക്ക് അനുവദിച്ച പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധനവിനായി ശുപാര്‍ശ നല്‍കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍(ഉദുമ), എന്‍.എ.നെല്ലിക്കുന്ന്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് അസീല്‍ , മുന്‍ മന്ത്രി ബിനോയ് വിശ്വം, സമരസമിതി പ്രതിനിധികളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, എന്‍.സുബ്രമണ്യന്‍, ടി.ശോഭന, സുള്‍ഫത്ത്, മുനീസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം