ക്യാന്‍സര്‍ ബോധന, ചികിത്സാ പദ്ധതി നിര്‍ണ്ണായക ചുവട്‌വെപ്പ് : മുഖ്യമന്ത്രി

February 4, 2014 പ്രധാന വാര്‍ത്തകള്‍

CMതിരുവനന്തപുരം: ക്യാന്‍സര്‍ ബോധന, നിയന്ത്രണ ചികിത്സാ പദ്ധതി സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന 12 ഇന കര്‍മ്മപരിപാടി വി.ജെ.ടി.ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പുമന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ.എം.കെ.മുനീര്‍ എന്നിവരും സന്നിഹിതരായിരുന്നു. ലോകത്താകെ ഭീഷണിയുയര്‍ത്തിയ രോഗമായിരുന്നു ക്യാന്‍സര്‍. എന്നാല്‍ നൂതന ചികിത്സാരീതികളും രോഗം നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങളും ക്യാന്‍സര്‍ ചികിത്സാരംഗത്ത് ആശ്വാസമായി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ചികിത്സയും രോഗികള്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ ബോധവത്ക്കരണത്തിനും രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലി രോഗനിര്‍ണ്ണയവും ക്യാന്‍സര്‍ നിര്‍ണ്ണയവും ബന്ധിപ്പിച്ച് നടത്തുമെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ്മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ എന്‍.ആര്‍.എച്ച്.എം., ആര്‍.സി.സി. എന്നിവയെ ബന്ധപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നൂതന പദ്ധതി നടപ്പിലാക്കുക. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ രോഗത്തെ ഭയരഹിതമായി നേരിടുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സഹായകമാവുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്‍കരുതല്‍ നടപടികള്‍ ക്യാന്‍സര്‍ തടയല്‍ എളുപ്പമാക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീറും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.അന്‍സജിതാ റസ്സല്‍, ആര്‍.സി.സി. മുന്‍ഡയറക്ടര്‍ ഡോ.എം.കൃഷ്ണന്‍നായര്‍, ഡോ.എ.മാര്‍ത്താണ്ഡന്‍ പിള്ള, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭവനസന്ദര്‍ശനം ആരോഗ്യ ബോധവത്ക്കരണം ക്യാന്‍സര്‍ നിര്‍ണ്ണയം തുടങ്ങിയവ നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍