മനക്കണ്ണിന്‍റെ ദര്‍ശന മഹിമ – സഹസ്രകിരണന്‍ (ഭാഗം-12)

February 5, 2014 സനാതനം

സഹസ്രകിരണന്‍ (ഭാഗം-12)
എം.പി.ബാലകൃഷ്ണന്‍
അശരണര്‍ക്കും അഗതികള്‍ക്കും ഈശ്വരീയപുരുഷനായി കണ്ടു. ലോകം തിന്മയില്‍ നിന്നും നന്മയിലേക്ക് ഉയരുന്നത് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ മാത്രം കാണാവുന്ന ഇത്തരം മഹാപുരഷന്മാരിലൂടെയാണെന്നതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്. മഹാഗുരുക്കന്മാര്‍ക്ക് അവരുടെ ദൗത്യനിര്‍വ്വഹണത്തിനായി മഹാന്മാരായ ശിഷ്യന്മാരെയും ലഭിച്ചുകൊള്ളാം.

ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരില്‍ ഗൃഹസ്ഥശിഷ്യര്‍ , സന്ന്യാസിശിഷ്യര്‍ എന്നു രണ്ടുതരക്കാരുണ്ട്. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങളാല്‍ ക്ലേശിച്ച അനേകംപേര്‍ പരിഹാരംതേടി, ശാന്തിതേടി സ്വാമികളുടെ അടുക്കലെത്തി. ഉചിതങ്ങളായ ഉപദേശങ്ങള്‍ നല്‍കിയും വഴികാട്ടിക്കൊടുത്തും അദ്ദേഹം അവരെയെല്ലാം ആ ദുര്‍ഘടങ്ങളില്‍ നിന്നും രക്ഷിച്ചുപോന്നു. താനൊരു സിദ്ധപുരുഷനാണെന്നുവച്ച് തന്റെ ശിഷ്യരെല്ലാം സന്ന്യാസിമാരായിക്കൊള്ളണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു. വാസ്തവത്തില്‍ ഒരു സാധാരണക്കാരനായല്ലാതെ സന്ന്യാസിയായി അദ്ദേഹവും ഭാവിച്ചിരുന്നില്ലല്ലോ. കാവിയുടുക്കല്‍ , കമണ്ഡലുവെടുക്കല്‍ ആദിയായ ‘ബഹുകൃതവേഷ’ങ്ങളിലൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ‘ഗൃഹസ്ഥാശ്രമധര്‍മ്മികളെ ആ മാര്‍ഗ്ഗത്തിലൂടെതന്നെ സദാചാരതത്പരരും മുമുക്ഷുക്കളുമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.’ യോഗചര്യകളെക്കാള്‍ ജീവിതശുദ്ധിയാണദ്ദേഹം അത്തരം ശിഷ്യര്‍ക്കുപദേശിച്ചതും സ്വജീവിതം കൊണ്ടു ദൃഷ്ടാന്തീകരിച്ചതും.

പക്ഷേ സന്ന്യാസിയായിത്തീരേണ്ടവരുടെ കാര്യം അതല്ല അവരെ ഒറ്റനോട്ടത്തില്‍ സ്വാമി തിരിച്ചറിയും, അവര്‍ പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍കൂട. ‘എള്ളോളം പോന്ന ചെറുവിത്തിനകത്ത് പടര്‍ന്ന് പന്തലിക്കുന്ന പേരാല്‍ വൃക്ഷം ഒളിഞ്ഞിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ ആരും ഓര്‍മ്മിക്കുകയില്ല. ഭാവന ചെയ്യുകയുമില്ല, പക്ഷേ അറിയേണ്ടവര്‍ അറിയും. അവര്‍ മഹാവൃക്ഷത്തെ മനക്കണ്ണില്‍ കാണും. അഞ്ചുവയസ്സുകാരനായ ബാലനെക്കണ്ടാലും അവന്റെ ഭാവിയെപ്പറ്റി പ്രവചിക്കാന്‍ കഴിയുന്ന മഹാത്മാക്കളുണ്ട്. അത്തരത്തില്‍പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികള്‍.

ഒരുദാഹരണമിതാ. കൊച്ചയിലെ പ്രസിദ്ധമായ തറവാടാണ് പൂതാമ്പള്ളി. തന്റെ യാത്രക്കിടയില്‍ അവിടെയും ചട്ടമ്പിസ്വാമി വല്ലപ്പോഴും ചെല്ലാറുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസം തങ്ങുകയും പിന്നെ ആരോടും പറയാതെ നാലാംയാമത്തില്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്ന സ്വാമിക്ക് അവിടത്തെ ശൈശവപ്രായം കഴിയാത്ത ബാലകൃഷ്ണനോട് പ്രത്യേക വാത്സല്യമായിരുന്നു. കൂട്ടിയെ എടുത്തുലാളിക്കുകയും അതിന്റെ ഭാഷയില്‍ എന്തൊക്കെയോ കലപില പറയുകയും ഇരുവരും രസിക്കുകയും ചെയ്യുന്നത് പതിവായി ശ്രദ്ധിച്ച അമ്മ ഒരിക്കല്‍ ചോദിച്ചു. ‘ എന്താണ് നിങ്ങള്‍ തമ്മില്‍ ഇത്ര സ്വകാര്യം?’

‘അതൊക്കെ ഞങ്ങള്‍ തമ്മിലുള്ള ഏര്‍പ്പാടാണ്. അവന് എല്ലാം മനസ്സിലാകുന്നുണ്ട്’. എന്നു സ്വാമി.

സ്വാമി തിരുവടികളുടെ പ്രത്യേക വാത്സല്യത്തിനു പാത്രീഭവിച്ച ആ ശിശുവാണ് പിന്നീട് ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ ലോകപ്രശ്‌സ്തനായ ചിന്മയാനന്ദസ്വാമികള്‍ ! ഇങ്ങനെയെല്ലാമുള്ള ആ മഹാഗുരുവിന്റെ പ്രഥമ ശിഷ്യനാകാന്‍ ഭാഗ്യം സിദ്ധിച്ചത് ശ്രീനാരായണഗുരുദേവനാണ്.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം