ചന്ദ്രബാബു നായിഡു ആശുപത്രിയില്‍, ആന്ധ്രയില്‍ ഇന്ന്‌ ടിഡിപി ബന്ദ്‌

December 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ഹൈദരാബാദ്‌: നിരാഹാരസമരം തുടരുന്ന തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റ്‌ ചന്ദ്രബാബു നായിഡുവിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ സാരമായി കുറഞ്ഞതായി അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ഇന്നു രാവിലെ പൊലീസ്‌ ചന്ദ്രബാബു നായിഡുവിനെ അറസ്‌റ്റു ചെയ്‌തു നിര്‍ബന്ധപൂര്‍വം നിസാം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡി്‌ക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കനത്ത മഴയില്‍ വന്‍നാശനഷ്‌ടം ഉണ്ടായ ആന്ധ്രാ പ്രദേശിലെ കര്‍ഷകര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടു വെളളിയാഴ്‌ചയാണ്‌ ചന്ദ്രബാബു നായിഡു നിരാഹാരസമരം ആരംഭിച്ചത്‌. നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തിയ ടിഡിപി സംസ്‌ഥാനത്ത്‌ ഇന്നു ബന്ദിന്‌ ആഹ്വാനം ചെയ്‌തു.
കര്‍ഷകര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതുവരെ അനിശ്‌ചിത കാലത്തേക്ക്‌ നിരാഹാരം കിടക്കാനാണു ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ ഒരേക്കറിന്‌ 4,500-6000 രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു ഇത്‌ പര്യാപ്‌തമല്ലെന്നാണു ടീഡിപിയുടെ ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം