വിപണി വിലയേക്കാള്‍ ഒരു രൂപ കൂട്ടി റബ്ബര്‍ സംഭരിക്കാന്‍ ധാരണ

February 5, 2014 കേരളം

തിരുവനന്തപുരം: വിപണി വിലയേക്കാള്‍ ഒരു രൂപ കൂട്ടി റബ്ബര്‍ സംഭരിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. കര്‍ഷകരില്‍ നിന്നുമാത്രമായിരിക്കും റബ്ബര്‍ സംഭരിക്കുക. റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിപണിവിലയേക്കാള്‍ ഒരു രൂപ കൂടുതല്‍ കര്‍ഷകന് നല്‍കും. ആര്‍.എസ്.എസ്. നാല് ഗ്രേഡിലുള്ള റബ്ബര്‍ വേണം സംഭരിക്കാനെന്നും തീരുമാനിച്ചിട്ടുണ്ട്. റബ്ബറിന്റെ വിപണി വില 171 രൂപയില്‍ എത്തുന്നതുവരെ സംഭരണം തുടരും.

സംഭരണച്ചുമതല ഏത് ഏജന്‍സിയെ ഏല്പിക്കണമെന്നതുള്‍പ്പെടെയുള്ള മറ്റുകാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. മുന്‍കൂര്‍ ലൈസന്‍സിന്റെ പേരില്‍ തീരുവയില്ലാതെയുള്ള റബ്ബര്‍ ഇറക്കുമതി ആറു മാസത്തേയ്‌ക്കെങ്കിലും തടയാന്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് അതേവിലയ്ക്ക് റബ്ബര്‍ ലഭ്യമാക്കുമെന്ന് ഇതിനുപകരമായി സംസ്ഥാന സരക്കാര്‍ ഉറപ്പുനല്‍കും. റബ്ബറിന്റെ അവധിവ്യാപാരം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നകാര്യം പരിഗണിക്കും.റബ്ബര്‍ സംഭരണത്തിലൂടെ വിപണിയിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ തുടരവലോകനത്തിന് വിധേയമാക്കിയ ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.എം.മാണി, കെ.സി.ജോസഫ്, സി.എന്‍.ബാലകൃഷ്ണന്‍, കെ.പി.മോഹനന്‍, റബ്ബര്‍ മേഖലയിലെ വിവിധ ഏജന്‍സികളുടെ ഭാരവാഹികള്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം