കെ.കെ. രമയെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടര്‍മാര്‍

February 6, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരമനുഷ്ഠിക്കുന്ന കെ.കെ. രമയെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റണമെന്ന് രമയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ഇന്നു രാവിലെയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം സമരപ്പന്തലിലെത്തി പരിശോധന നടത്തിയത്. അതേസമയം, ഇഞ്ചക്ഷന്‍ എടുക്കാന്‍ വിസമ്മതിച്ച രമ ആശുപത്രിയിലേക്കു മാറാന്‍ തയാറല്ലെന്ന് അറിയിച്ചു. രമയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദം വളരെ കുറവാണ്. ശരീരത്തില്‍ ഗ്ളൂക്കോസിന്റെ കുറവുണ്ട്. അവര്‍ തീര്‍ത്തും ക്ഷീണിതയാണെന്നും ആശുപത്രിയിലേക്കു മാറ്റുകയേ മാര്‍ഗമുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രമയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍തന്നെ ഡോക്ടര്‍മാര്‍ പോലീസിനു കൈമാറും. അവരെ ബലമായി ആശുപത്രിയിലേക്കു മാറ്റുന്നതു സംബന്ധിച്ച് പോലീസ് ഉടന്‍ തീരുമാനമെടുക്കാനാണ് സാധ്യത. അതേസമയം, രമയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാനാണ് ഭാവമെങ്കില്‍ ആശുപത്രിയില്‍ നിരാഹാരം തുടരുമെന്ന് ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍