കയര്‍ത്തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കും: മന്ത്രി അടൂര്‍ പ്രകാശ്

February 6, 2014 കേരളം

തിരുവനന്തപുരം: കയര്‍ മേഖലയെ സംരക്ഷിക്കാന്‍ കയര്‍ത്തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുമെന്നും ചകിരിനാരിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ തൊണ്ട് സംഭരിക്കുന്നവര്‍ക്കു കൂടുതല്‍ ഇന്‍സെന്റീവ് നല്‍കുമെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആലപ്പുഴയില്‍ കയര്‍ കേരള മേളയുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ചകിരി നാരിന്റെ ദൗര്‍ലഭ്യം കയര്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ തൊണ്ട് സംഭരിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. സംഭരണത്തിനു കുടുംബശ്രീ പ്രവര്‍ത്തകരെ പ്രയോജപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കും. കയര്‍ മേഖലയെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കയര്‍മേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനായി കയര്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രവര്‍ത്തമൂലധനം വിനിയോഗിക്കണം. പണം പ്രയോജനപ്പെടുത്താതെ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. പ്രവര്‍ത്തനമൂലധനം പ്രയോജപ്പെടുത്താത്ത സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികള്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. ചകിരി നാര് ലഭിക്കുന്നില്ല, ഷെഡ്ഡുകള്‍ നിര്‍മിക്കാന്‍ ധസഹായം അനുവദിക്കണം, കയര്‍ പിരിക്കാന്‍ റാട്ട് അനുവദിക്കണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ അവര്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് അദ്ദേഹം പരിഹാരം നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം