കെ.കെ. രമ നിരാഹാര സമരം അവസാനിപ്പിച്ചു

February 7, 2014 പ്രധാന വാര്‍ത്തകള്‍

K.K.Remaതിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.കെ.രമ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണമെന്ന ആര്‍എംപിയുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ രണ്ടാഴ്ചത്തെ സമയം സര്‍ക്കാര്‍ ചോദിച്ചുവെന്നും എന്‍.വേണു വ്യക്തമാക്കി. സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ആര്‍എംപി നേതൃത്വത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പ് പരിഗണിച്ചാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍ .പി.ഭാസ്കര്‍ രമയ്ക്ക് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം തിടുക്കത്തില്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിയമോപദേശം കിട്ടിയെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് കാര്യങ്ങള്‍ ആര്‍എംപി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എം.പി.വീരേന്ദ്രകുമാര്‍ ആര്‍എംപി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് വിഷയം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തിനാണ് രമ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. അഞ്ച് ദിവസവും 13 മണിക്കൂറിനും ശേഷമാണ് രമ സമരം അവസാനിപ്പിച്ചത്. രമയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ തീരുമാനം പെട്ടന്നുണ്ടാകാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ ഇല്ലായിരുന്ന വിഷയം ചില മന്ത്രിമാരുടെ ആവശ്യപ്രകാരം ചര്‍ച്ച ചെയ്തത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനും ആര്‍എംപി തീരുമാനിച്ചിരുന്നു. നിരാഹാരം അവസാനിപ്പിച്ച രമയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിലാണ് രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രമ ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍