ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ല: ജി. സുകുമാരന്‍നായര്‍

February 7, 2014 പ്രധാന വാര്‍ത്തകള്‍

sukumaran-nairചങ്ങനാശേരി: ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്തുമ്പോള്‍ സവര്‍ണ വിഭാഗങ്ങള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുമെന്നുള്ള പ്രചാരണം നീതിക്കു നിരക്കുന്നതല്ലെന്നും പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടരുതെന്ന ആവശ്യം എന്‍എസ്എസ് ഉന്നയിച്ചിട്ടുണ്ട്. പകരം എല്ലാ ദേവസ്വങ്ങള്‍ക്കുമായി ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണം.

50 ശതമാനം നിയമനങ്ങള്‍ ഓപ്പണ്‍ ക്വോട്ടയില്‍ എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ബാക്കിയുള്ള 50 ശതമാനത്തില്‍ സംവരണ സമുദായങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ക്കു സംവരണതത്വ പ്രകാരം ലഭിക്കേണ്ട 32 ശതമാനം ആ വിഭാഗങ്ങള്‍ക്കു നല്കണം. ബാക്കി 18 ശതമാനം ഹിന്ദുക്കളില്‍ത്തന്നെ സംവരണം ലഭിക്കാത്തവരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കു നല്കണം എന്നീ നിലപാടുകളാണ് എന്‍എസ്എസ് സ്വീകരിച്ചത്.

ഇതുമൂലം പിഎസ്സി നിയമപ്രകാരം സംവരണ സമുദായങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ക്ക് കിട്ടാവുന്ന സംവരണത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല. ഹിന്ദുക്കളിലെ സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കാര്യമായതു കൊണ്ട് ഇതു സര്‍ക്കാര്‍ തീരുമാനിക്കണം. ‘അത് അനുവദിക്കില്ല’ എന്ന പിടിവാശി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല.

ഹൈന്ദവരിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 50 ശതമാനം കിട്ടുന്നുന്നുെം 18 ശതമാനംകൂടി കൊടുത്താല്‍ അവര്‍ക്ക് 68 ശതമാനം ആകും എന്നൊക്കെ തെറ്റായി പ്രചരിപ്പിക്കുന്നതു സത്യത്തിനോ നീതിക്കോ നിരക്കുന്നതല്ല. എന്‍എസ്എസിന്റെ നിലപാടുകളും പ്രതികരണങ്ങളും സത്യസന്ധവും ലക്ഷ്യബോധമുള്ളതുമാണ്. അതു തുടരുകതന്നെ ചെയ്യുമെന്നും ജി. സുകുമാരന്‍നായര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍