ശ്രീരാമനവമി രഥയാത്ര: സംസ്ഥാനതല സ്വഗതസംഘം രൂപീകരിച്ചു

February 8, 2014 ക്ഷേത്രവിശേഷങ്ങള്‍

srn-rathayathraകൊച്ചി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 23 വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ശ്രീരാമനവമി രഥയാത്രയുടെ നടത്തിപ്പിനായി 250 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. ശ്രീരാമനവമി രഥയാത്ര ജനറല്‍കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഇടപ്പള്ളി ശ്രീമൈലാളത്ത് ശിവക്ഷേത്രം ആഡിറ്റോറിയത്തില്‍ ചേര്‍ന്നയോഗത്തിലാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയത്. രഥയാത്രയുടെ നടത്തിപ്പിനായി സംസ്ഥാനതലത്തില്‍ 75 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു.

ശ്രീരാമനവമി മഹോത്സവം  ചെയര്‍മാനായ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉപദേശകസമിതിയുടെ കണ്‍വീനറായും ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, വിനോദ് കൊല്ലം, ഭക്തവത്സലന്‍, ശിവരാമന്‍നായര്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരായും ട്രഷററായി വി.ജി.നായരും ചുമതലയേറ്റു. കൂടാതെ വിവിധ കമ്മിറ്റികളിലായി നറുകര ഗോപി (പ്രോഗ്രാം കമ്മിറ്റി), വിനോദ് കൊല്ലം (രഥയാത്ര നടത്തിപ്പ് സമിതി), കേശവന്‍ മലപ്പുറം (ധനകാര്യ സമിതി), കെ.സി.ജയകുമാര്‍ ഇടുക്കി (പ്രചരണം), സുനില്‍ പത്തനംതിട്ട (ഭക്ഷണം, താമസം), ഭക്തവത്സലന്‍ കോഴിക്കോട് (സുരക്ഷ, നിയന്ത്രണം) തുടങ്ങിയവരെ കണ്‍വീനര്‍മാരായി യോഗം തെരഞ്ഞെടുത്തു. രഥയാത്ര മേഖല കോ-ഓര്‍ഡിനേറ്റര്‍മാരായി സജീഷ് (ദക്ഷിണമേഖല), അരുണ്‍.വി. (ഉത്തരമേഖല) എന്നിവരും ചുമതലയേറ്റു.

രാജ്യത്ത് കൈയേറ്റംചെയ്യപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചെടുക്കുക. ജാതികള്‍ക്കതീതരായി പാര്‍ട്ടികള്‍ക്കതീതരായി ഹൈന്ദവജനതയെ സംഘടിപ്പിക്കുക. ഹൈന്ദവസമൂഹത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക തുടങ്ങിയവയാണ് രഥയാത്രയുടെ മുഖ്യലക്ഷ്യമെന്ന് രഥയാത്ര ജനറല്‍കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍