തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഭൂഗര്‍ഭ നടപ്പാത സ്ഥാപിക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

February 8, 2014 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്കും മറ്റുളളവര്‍ക്കും ഗതാഗത കുരുക്കില്‍പ്പെടാതെ യാത്ര ചെയ്യുവാന്‍ ഭൂഗര്‍ഭ നടപ്പാത സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഇതിനായുളള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കി കഴിഞ്ഞുവെന്നും പദ്ധതി നിര്‍വ്വഹണം ഉടന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ അറുപതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രൂപ ചിലവില്‍ ഒ.പി.ബ്‌ളോക്കില്‍ സ്ഥാപിച്ച പുതിയ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനവും കോളേജിലെ നഴ്‌സിങ് ജീവനക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയ മാനുവലിന്റെ പ്രകാശനവും മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിച്ചു. എസ്.എ.ടി. ആശുപത്രിയില്‍ പുതിയ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുതിയ കാഷ്വാലിറ്റി ബ്‌ളോക്ക് നാലു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. 75 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ സംവിധാനം ഈ വര്‍ഷം തന്നെ ആരംഭിക്കും. ബേണ്‍സ് യൂണിറ്റ് ഉടന്‍ തുടങ്ങും. മെഡിക്കല്‍ കോളേജിനകത്തെ സഞ്ചാരം സുഗമമാക്കുന്നതിനായി കണക്ടിങ് കോറിഡോര്‍ സ്ഥാപിക്കും. എസ്.എ.ടി യില്‍ 80 കോടി രൂപയുടെ കെട്ടിട സമുച്ചയ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

ആര്‍.സി.സി യില്‍ 120 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ബജറ്റില്‍ ഇതിനായി 41 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ എട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിനും മറ്റുമായി 1600 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 1954 ഫെബ്രുവരി എട്ടിന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെ 1951 നവംബര്‍ 27 ന് ഉദ്ഘാടനം ചെയ്ത, കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ലോകോത്തരനിലവാരത്തിലുളള മെഡിക്കല്‍ വിദ്യാഭ്യാസവും ചികിത്സയും ഇന്നിവിടെ ലഭ്യമാണ്. അഭിമാനകരമായ ഈ നേട്ടങ്ങള്‍ക്ക് കാരണഭൂതരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫംഗങ്ങള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രിക അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാര്‍, എസ്.എ.ടി. സൂപ്രണ്ട് ഡോ.കെ.ഇ.എലിസബത്ത്, മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മനോജ് ടി. പിളള, നഴ്‌സിങ് ഓഫീസര്‍ ഉഷാ എബ്രഹാം, എച്ച്.ഡി.എസ് അംഗം വി.സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രിയുടെ വിവിധ മേഖലകളില്‍ വിശിഷ്ട സേവനം നടത്തിയ ജീവനക്കാരെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം