പാമോലിന്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിഎസ് സുപ്രീംകോടതിയെ സമീപിക്കും

February 9, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പാമോലിന്‍ കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിക്കും. വിജിലന്‍സ് കോടതിവിധിക്ക് സ്റേ നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വിഎസ് ഹര്‍ജി നല്‍കും. ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. ഹര്‍ജി അടുത്ത ആഴ്ച നല്‍കും. പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 24നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിനു തെളിവില്ലെന്നും പ്രതികളില്‍ പലരും ജീവിച്ചിരിപ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. 1997ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് പാമോലിന്‍ കേസ് രജിസ്റര്‍ ചെയ്തത്. 1991-92 കാലഘട്ടത്തില്‍ സിങ്കപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15000 മെട്രിക് ടണ്‍ പാമോലിന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് പിന്നീട് പാമോലിന്‍ കേസായി രൂപപ്പെട്ടത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍