നരേന്ദ്രമോഡിക്ക് ഉജ്ജ്വലവരവേല്‍പ്പിനായി അനന്തപുരി ഒരുങ്ങി

February 9, 2014 പ്രധാന വാര്‍ത്തകള്‍

narendra_modi 1തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് ഉജ്ജ്വലവരവേല്‍പ്പിനായി അനന്തപുരി ഒരുങ്ങി. അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുന്ന ബിജെപിയുടെ മഹാസമ്മേളനം ഇന്ന്‌ വൈകുന്നേരം 4ന്  ശംഖുമുഖം കടപ്പുറത്ത്‌ നടക്കും. കൂറ്റന്‍ കമാനങ്ങളും ഫ്ലക്സ്‌ ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും ഉയര്‍ന്നിട്ടുണ്ട്‌. സമ്മേളനത്തിന്റെ ഭാഗമാകാന്‍ തിരുവനന്തപുരത്തേക്ക്‌ ഇന്നലെ ഉച്ചമുതല്‍ പ്രവര്‍ത്തകരെത്തിത്തുടങ്ങി. മഹാസമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ അധ്യക്ഷത വഹിക്കും. നരേന്ദ്രമോഡിയെ കൂടാതെ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്നാഥ്സിംഗ്‌, ഉപാധ്യക്ഷന്‍ ബന്ദാരു ദത്താത്രേയ, വി.സതീഷ്‌, സുബ്രഹ്മണ്യംസ്വാമി, പൊന്‍രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.

മോഡിക്കും രാജ്നാഥ്‌ സിംഗിനും വി.മുരളീധരന്‍ കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌ എന്നിവരും യോഗത്തില്‍ സംസാരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ്‌ കുര്യന്‍ എന്നിവര്‍ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തും. ചടങ്ങിന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ എസ്‌.സുരേഷ്‌ നന്ദിയും പറയും.

എറണാകുളത്തെ കായല്‍ സമ്മേളന ശതാബ്ദി ആഘോഷ ചടങ്ങുകള്‍ക്ക്‌ ശേഷം തിരുവനന്തപുരത്തെത്തുന്ന മോഡി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ പൊതു സമ്മേളന വേദിയിലേക്ക്‌ വരും. സമ്മേളനത്തിനു ശേഷം 8 മണിക്ക്‌ അദ്ദേഹം ശംഖുമുഖം ഉദയ്‌ സമുദ്രയില്‍ എഴുപതിലധികം സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രത്യേക യോഗത്തില്‍ സംബന്ധിക്കും. തിരുവനന്തപുരത്തെ പരിപാടിക്കു ശേഷം രാത്രി 8.45 ഓടെ നരേന്ദ്രമോഡി ഡല്‍ഹിയിലേക്ക് മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍