ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തനിര്‍ഭരമായ തുടക്കം

February 9, 2014 പ്രധാന വാര്‍ത്തകള്‍

Attukal-Temple1തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഉത്സവം ആരംഭിച്ചത്. 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവം. ഒമ്പതാം ദിവസമായ 16ന് രാവിലെ 10.30ന് അടുപ്പ് വെട്ട് നടക്കും. സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ അഗ്നിപകരുന്നതോടെ ലക്ഷക്കണക്കിനു അടുപ്പിലേക്ക് തീതെളിയും. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം നടക്കും.

രാത്രി 7.30ന് വ്രതമെടുത്ത് ക്ഷേത്രാങ്കണത്തില്‍ കഴിയുന്ന ബാലന്മാരെ ചൂരല്‍ കുത്തി തീരുന്നതോടെ ദേവിയുടെ പുറത്തേക്കെഴുന്നള്ളത്ത് ആരംഭിക്കും. എഴുന്നള്ളത്ത് നടക്കുന്ന വഴികളില്‍ പറയെടുത്തശേഷമാകും എഴുന്നള്ളത്ത് നീങ്ങുന്നത്. 17ന് ഉച്ചയോടെ ഘോഷയാത്ര തിരിച്ചെത്തുമ്പോള്‍ അകമ്പടി സേവിക്കുന്ന കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍ ഊരിമാറ്റും. മറ്റൊരു നേര്‍ച്ചയായ താലപ്പൊലി പൊങ്കാല ദിവസം പുലര്‍ച്ചെ മുതല്‍ ആരംഭിക്കും. 17ന് രാത്രി 12.30-ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഉത്സവ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അംബാ ഓഡിറ്റോറിയത്തിലും കാര്‍ത്തിക ഓഡിറ്റോറിയത്തിലും അന്നദാനം നടത്തും. ഒന്നാം ഉത്സവ ദിവസം മുതല്‍ 15വരെ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 10.30 വരെ രണ്ടുവേദികളിലായി കലാപരിപാടികള്‍ നടക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഇന്നലെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്വാമി കാശികാനന്ദഗിരി ആറ്റുകാല്‍ അംബാ പുരസ്‌കാരം കെ. ജയകുമാറിന് സമ്മാനിച്ചു.

ഉത്സവ ദിവസങ്ങളില്‍ രാത്രി 12നുള്ള ദീപാരാധനയ്ക്കുശേഷം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേര്‍ച്ചയായി എത്തുന്ന വിളക്കുകെട്ടുകളുമായുള്ള തുള്ളല്‍ ആരംഭിക്കും. ഈവര്‍ഷത്തെ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരും അവരുടെ കുട്ടികളും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്. പോലീസിന്റെ അനുമതിയോടെ മാത്രമേ സംഘടനകളോ റസിഡന്‍സ് അസോസിയേഷനുകളോ ആഹാരവും കുടിവെള്ളവും നല്കാവൂ എന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍