മോഡി ഇന്ന് തലസ്ഥാനത്ത്: നഗരത്തില്‍ ഗതാഗത നിയന്ത്രണം

February 9, 2014 കേരളം

തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ വരവിനോട നുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ചാക്ക ബൈപ്പാസ് വഴി ശംഖുമുഖത്ത് എത്തേണ്ടതും പ്രവര്‍ത്തകരെ അവിടെ ഇറക്കിയശേഷം കണ്ണാന്തുറ, വെട്ടുകാട് വഴി വേളി ബോട്ട് ക്ലബ് ടൈറ്റാനിയം ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയ എന്നീ പാര്‍ക്കിംഗ് ഏരിയകളിലേക്ക് പോകേണ്ടതാണ്. ഈ പാര്‍ക്കിംഗ് ഏരിയകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ വാഹനങ്ങള്‍ മാധവപുരം, ഗുഡ്‌സ് യാര്‍ഡ് വഴി വെണ്‍പാലവട്ടം ബൈപ്പാസിലിറങ്ങി വേള്‍ഡ് മാര്‍ക്കറ്റ് കോമ്പൗണ്ടിലും തുടര്‍ന്ന് കരിക്കകം ക്ഷേത്രം ഗ്രൗണ്ടിലും തുടര്‍ന്ന് ചാക്ക -ഇഞ്ചയ്ക്കല്‍ ബൈപ്പാസ് സര്‍വീസ് റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, വലിയതുറ,പൊന്നറപ്പാലം, കല്ലുമ്മൂട് എന്നീ ഭാഗങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും പാടില്ല ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് എമര്‍ജന്‍സി റൂട്ടായും വിഐപിയുടെ കണ്ടിജന്‍സി റൂട്ട് ആയും ഇത് ഉപയോഗിക്കേണ്ടതാണ്. തീരദേശ ഹൈവേയില്‍ കൂടി വരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാധവപുരം ഓള്‍സെയിന്റ്‌സ് വഴി ശംഖുമുഖത്ത് എത്തേണ്ടതാണ്.

മാധവപുരം വെട്ടുകാട്, കണ്ണാന്തുറ, ശംഖുമുഖം റോഡ് വണ്‍വേ ആയിരിക്കും.മറ്റ് പാര്‍ക്കിംഗ് ഏരിയകള്‍ നിറഞ്ഞു കഴിഞ്ഞാള്‍ ഓള്‍സെയിന്റ്‌സ് മുതല്‍ മാധവപുരം വരെയുള്ള ഭാഗത്തും വേളി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വണ്‍ സൈഡ് പാര്‍ക്കിംഗ് ചെറിയ വാഹനങ്ങള്‍ക്ക് നല്‍കാവുന്നതാണ്. തിരുവല്ലം ഭാഗത്തുനിന്നും വരുന്ന ലൈറ്റ് വെഹിക്കിള്‍സ്, കല്ലൂമ്മൂട്- പൊന്നറപ്പാലം വഴി ഡോമസ്റ്റിക് എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം തിരികെ ബൈപ്പാസ് റോഡില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്. മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ കൂടാതെ ഇന്‍ഫോസിസ് മുതല്‍ കോവളം ജംഗ്ഷന്‍ വരെയുള്ള ബൈപ്പാസ് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന പ്രവര്‍ത്തകര്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും കുട, ബാഗ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഒഴിവാക്കേണ്ടതുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം