വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അറുതി വരുത്തും: മോഡി

February 10, 2014 കേരളം

കൊച്ചി: വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അറുതി വരുത്തുകയാണ് വേണ്ടതെന്ന് നരേന്ദ്രമോഡി കൊച്ചിയില്‍ പറഞ്ഞു. സഹോദരങ്ങളെയും തമ്മില്‍ അകറ്റി നേട്ടംകൊച്ചുന്ന വോട്ടുബാങ്കു രാഷ്ട്രീയമാണിവിടെ നടക്കുന്നത്. അയ്യങ്കാളിയുടെയും ശ്രീ  നാരായണഗുരുവിന്റെയും സന്ദേശങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കാകെ അറിയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ തനിക്ക് അവസരം തരണമോയെന്നു തീരുമാനിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്. ഒരു കുടുംബത്തിന്റെ പരിശ്രമഫലമാണു രാജ്യത്ത് ഉണ്ടായ എല്ലാ നേട്ടങ്ങളുമെന്നു ചിലര്‍ പറയുന്നു. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ പറയുന്നു. മഹാത്മാഗാന്ധി മുതല്‍ മഹാത്മ അയ്യങ്കാളി വരെയുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ഫലമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. രാജ്യത്തു പുരോഗതി ഉണ്ടാകണമെങ്കില്‍ അനാചാരങ്ങളില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും സമൂഹം മുക്തമാകണം. സാര്‍വത്രികമായ വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിക്കണം.

അധികാരത്തില്‍ എത്തിയിട്ട് താന്‍ ഇതുവരെ സ്വന്തം കുടുംബത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, പിന്നോക്കക്കാരും പട്ടിക ജാതിക്കാരും അടങ്ങുന്ന മഹാകുടുംബത്തിനുവേണ്ടി തനിക്കു സാധിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യണമെന്നുണ്ട്. 100 ദിവസത്തിനുശേഷം കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിക്കും. വരാന്‍ പോകുന്ന ദശകം പിന്നോക്കക്കാരുടേതായിരിക്കും.

താന്‍ ഇപ്പോഴും അസ്പര്‍ശ്യതയുടെ ഇരയാണ്. തന്റെ പേരു കണ്ടാല്‍ പലരും വിട്ടു നില്‍ക്കുന്ന അവസ്ഥ. മേയര്‍ ടോണി ചമ്മണി ചടങ്ങില്‍നിന്നു വിട്ടു നില്‍ക്കുന്നതു നേരത്തെ പ്രസംഗിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം. വീട്ടുവേല ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയത്. താന്‍തന്നെ കുടുംബം പോറ്റാന്‍വേണ്ടി ട്രെയിനില്‍ ചായ വിറ്റിട്ടുണ്െടന്നും മോഡി പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണു വേണ്ടതെന്നു മുഖ്യപ്രഭാഷണം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു സുകുമാരന്‍ നായര്‍ മാത്രം വിചാരിച്ചാല്‍ അത് ഇല്ലാതാവുകയില്ല. അധഃസ്ഥിതന് അധികാരം ലഭിക്കണം. അതിനായി ദളിത് പിന്നോക്ക ഐക്യം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി. ബാബു ശതാബ്ദി സന്ദേശം നല്‍കി. കേരള പുലയര്‍ മഹാസഭയും പുലയന്‍ മഹാസഭയും തമ്മിലുള്ള ലയനപ്രഖ്യാപനം യോഗത്തില്‍ നടന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, പണ്ഡിറ്റ് കറുപ്പന്‍ ഫൌണ്േടഷന്‍ പ്രസിഡന്റ് ഗോപിനാഥ് പനങ്ങാട്, എസ്സി എസ്ടി സംയുക്ത സമിതി പ്രസിഡന്റ് വെള്ളിക്കുളം മാധവന്‍, കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷ്, പുലയന്‍ മഹാസഭാ പ്രസിഡന്റ് എ.കെ. ദാമോദരന്‍, ജനറല്‍ സെക്രട്ടറി ഡോ. പി.പി. വാവ, ട്രഷറര്‍ കെ.എ.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചരിത്രകാരന്മാരെയും കലാകാരന്മാരെയും ചടങ്ങില്‍ ആദരിച്ചു. വ്യവസായപ്രമുഖന്‍ കെ.കെ. പിള്ള എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.പി.ഓമനക്കുട്ടന്‍ സ്വാഗതവും ചെയര്‍മാന്‍ കെ.കെ. ഗോപാലന്‍മാസ്റര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം