സൂര്യാഘാതം: മുന്‍കരുതലെടുക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്

February 11, 2014 കേരളം

Sun Strokeതിരുവനന്തപുരം: കേരളത്തില്‍ അന്തരീക്ഷതാപം വര്‍ദ്ധിക്കാനിടയുള്ള മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാതമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പു നല്‍കി. സൂര്യതാപം മൂലം 104 ഡിഗ്രി സെല്‍ഷസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍ എന്നിവയുണ്ടാകുക, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണു സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

കടുത്ത ചൂടുമായി നേരിട്ടു ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണു സൂര്യാഘാത സാധ്യത കൂടുതല്‍. രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തിവയ്ക്കുക, വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം/ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണു സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്. കടുത്ത ചൂടിനോട് ദിര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം