ഹൈന്ദവ വിരുദ്ധ പുസ്തകം പെന്‍ഗ്വന്‍ പിന്‍വലിച്ചു

February 11, 2014 പ്രധാന വാര്‍ത്തകള്‍

the-hindus-an-alternative-history-400x400ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രഫസര്‍ വെന്‍ഡി ഡൊനീഗറിന്റെ ‘ദി ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിന്‍വലിക്കുന്നു. ഇതിനോടകം വിറ്റുപോയ പുസ്തകങ്ങള്‍ തിരിച്ചുവിളിച്ച് നശിപ്പിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് വ്യക്തമാക്കി. പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ച ശിക്ഷ ബചാവോ ആന്തോളന്‍ സംഘടനയുമായി നടത്തിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുസ്തകത്തിലൂടെ ഡൊഗിനീര്‍ തെറ്റായ അനുമാനങ്ങള്‍ നടത്തുകയും ഹിന്ദു മതത്തെ പൈശാചികമായി ചിത്രീകരിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് വിവിധ ഹിന്ദു സംഘടനകളും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

പുസ്തകത്തിനെതിരെ 2011ലാണ് ശിക്ഷ ബചാവോ ആന്തോളന്‍ കോടതിയെ സമീപിച്ചത്. ഡൊനഗറിന്റെ പുസ്തകം ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വസ്തുതാപരമായ നിരവധി പിശകുകള്‍ നിറഞ്ഞതാണെന്നു സംഘടന പ്രസാധകരെ അറിയിച്ചിരുന്നു. പുസ്തകം പൊള്ളയാണെന്നും വസ്തുതകള്‍ വളച്ചൊടിച്ചതാണെന്നും ഹിന്ദൂയിസത്തെ നിസ്സാരവത്കരിക്കുന്നതാണെന്നും ഡൊനീഗര്‍ക്കും പെന്‍ഗ്വിനും അയച്ച നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷനറിയുടെ താത്പര്യത്തോടെയാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും സംഘടന പറഞ്ഞു.

പുസ്തകത്തിന്റെ ശേഷിക്കുന്ന കോപ്പികളടക്കം നശിപ്പിക്കാമെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ശിക്ഷാ ബചാവോ ആന്തോളനുമായി ധാരണയിലെത്തി. പുസ്തകം പിന്‍വലിച്ച നടപടി വിവിധഹൈന്ദവ സംഘടകള്‍ സ്വാഗതം ചെയ്തു.

ജനുവരി 22നാണ് പ്രസാധകര്‍ സംഘടനയുമായി ഒത്തുതീര്‍പ്പ് നടത്തിയിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുസ്തകത്തിന്റെ എല്ലാ കോപ്പികളും പിന്‍വലിക്കുമെന്നും ഇനി മേലാല്‍ പുസ്തകം വില്‍ക്കുകയോ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്നും പ്രസാധകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍