സിവില്‍ സര്‍വീസ് പരീക്ഷക്ക് രണ്ട് അവസരങ്ങള്‍ കൂടി

February 11, 2014 ദേശീയം

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് രണ്ട് അധിക അവസരങ്ങള്‍കൂടി നല്‍കാന്‍ തീരുമാനമായി. പ്രായപരിധിയിലും രണ്ടു വര്‍ഷത്തെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ 32 വയസുവരെ പരീക്ഷ എഴുതാം. സര്‍ക്കാര്‍ തീരുമാനം സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന ലക്ഷകണക്കിനു ഉദ്യോഗാര്‍ഥികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

നിലവില്‍ നാല് അവസരങ്ങള്‍ മാത്രമായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് യുപിഎസ്സി നല്‍കിയിരുന്നത്. ഇത് ആറ് അവസരങ്ങള്‍ ആയി വര്‍ധിക്കും. നേരത്തെ 30 വയസായിരുന്നു പ്രായപരിധി. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പരീക്ഷ എഴുതുന്നതിനു ഏഴ് അവസരങ്ങള്‍ ലഭിച്ചിരുന്നു. പ്രിലിമിനറി, മെയ്ന്‍, ഇന്റര്‍വ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലായിട്ടാണ് സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നത്. ഐഎഎസ് (ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്), ഐപിഎസ് (ഇന്ത്യന്‍ പോലീസ് സര്‍വീസ്), ഐഎഫ്എസ് (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്) തുടങ്ങി വിവിധ സര്‍വീസുകളിലേക്ക് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനാണ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം