സുധീരനിലൂടെ കേരള രാഷ്ട്രീയം വഴിമാറുമോ?

February 11, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

v-m-sudheeran-PBഇടതു-വലതു പക്ഷങ്ങള്‍ ഉഴുതുമറിച്ച് അസമത്വത്തിന്റെയും അധര്‍മ്മത്തിന്റെയും വിത്തുപാകിയ കേരള രാഷ്ട്രീയത്തിന് ദിശാമാറ്റം നല്‍കുന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷനായി വി.എം.സുധീരനെ നിയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ആദര്‍ശശുദ്ധിയുടെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും മുഖമുള്ള വി.എം.സുധീരന്‍ ഈ സ്ഥാനത്തെത്തുന്നതിനെ കേരളത്തിലെ പൊതുസമൂഹം പ്രതീക്ഷാനിര്‍ഭരമായാണ് കാണുന്നത്. സുധീരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലും അതിന്റേതായ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ധീരമായ തീരുമാനങ്ങളിലൂടെയും നിലപാടുകളിലൂടെയും സി.പി.എം ഔദ്യോഗികപക്ഷത്തിന്റെ കണ്ണിലെ കരടായി മാറിയ വി.എസ്.അച്യുതാനന്ദന് ആ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴി തുറക്കുന്നതിന് കാത്തിരുന്ന നേതൃത്വത്തിന്  വി.എം.സുധീരന്റെ സ്ഥാനലബ്ദിയോടെ മാറി ചിന്തിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. കാരണം വി.എസിനോളം ജനപിന്തുണയുള്ള മറ്റൊരു നേതാവ് സി.പി.എമ്മില്‍ ഇല്ലെന്നതുതന്നെ. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് സുധീരന്റെ കെ.പി.സി.സി അദ്ധ്യക്ഷപദവി.

കഴിവും പാരമ്പര്യവുമൊന്നും നോക്കാതെ ഗ്രൂപ്പിന്റെ പിന്‍ബലത്തില്‍മാത്രം സ്ഥാനങ്ങള്‍ പങ്കുവച്ചിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെ കേരളം കണ്ടത്. അവിടെയാണ് ഒരു തിരുത്തല്‍പോലെ സുധീരനെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കണ്‍തുറപ്പിച്ചതിനുപിന്നിലെ മുഖ്യ ഘടകം ഇന്ദ്രപ്രസ്ഥത്തില്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വരിച്ച ചരിത്രപരമായ വിജയമാണ്. ആ പാര്‍ട്ടിയുടെ ഉദയത്തിനു പിന്നിലെ ചേതോവികാരം അണ്ണാഹസാരെ എന്ന ഗാന്ധിയന്‍ ജന്തര്‍മന്ദറില്‍ നടത്തിയ അഴിമതി വിരുദ്ധ സമരമാണ്. അഴിമതിക്കും രാഷ്ട്രീയ ജീര്‍ണ്ണതയ്ക്കുമെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനവികാരം കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ളവര്‍ തിരിച്ചറിഞ്ഞു എന്നതാണ് സുധീരനെ കെ.പി.സി.സിയുടെ തലപ്പത്തു കൊണ്ടുവരുവാന്‍ കാരണമായത്. കഴിഞ്ഞ രണ്ടുമൂന്നു മാസമായി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് നേതാക്കന്മാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും മറ്റ് മുതിര്‍ന്ന നേതാക്കന്മാരുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തിയിരുന്നു. ഒരു ഘട്ടത്തിലും സുധീരന്റെ പേര്‍ ഇവര്‍ മുന്നോട്ടുവച്ചിരുന്നില്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി അധികാര രാഷ്ട്രീയത്തില്‍നിന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തന പന്ഥാവുകളില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട നേതാവായിരുന്നു വി.എം. സുധീരന്‍. എന്നാല്‍ ജനപക്ഷത്തുനിന്നുകൊണ്ട് അദ്ദേഹം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടുകളെയും തീരുമാനങ്ങളെയും അതിശക്തമായി തന്നെ വിമര്‍ശിച്ചു. നഷ്ടപ്പെടലും ഒറ്റപ്പെട്ടലുകളും മാത്രമായിരുന്നു ഇതിന്റെ പ്രതിഫലം. എന്നാല്‍ ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന സുധീരന്‍ എന്ന നേതാവിനെ കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഒടുവില്‍ കേന്ദ്ര നേതൃത്വം തന്നെ കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് നേതാക്കന്മാരൊക്കെ ഈ തീരുമാനത്തിന്റെ ഞെട്ടലില്‍നിന്ന് മോചിതരായിട്ടില്ല എന്നതാണ് അവരുടെ വാക്കുകള്‍ക്കിടയില്‍നിന്നും ശരീരഭാഷയില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനങ്ങളും ഈ തീരുമാനത്തെ സഹര്‍ഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ആറന്മുള വിമാനത്താവളം, കരിമണല്‍ ഖനനം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ എടുത്തിരുന്ന നിലപാടുകളില്‍ തുടര്‍ന്നും സുധീരന്‍ ഉറച്ചുനില്‍ക്കുമോ എന്ന ചോദ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. സുധീരന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം വായിച്ചാല്‍ അദ്ദേഹം ആ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും അത് സാര്‍ത്ഥകമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കും. അതോടെ  വി.എം.സുധീരന്‍ എന്ന നാമം ചരിത്ര ശോഭയുള്ളതായി തീരും. അങ്ങനെയാകട്ടെയെന്നാണ് കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് വി.എം.സുധീരന് എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍