മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അനിവാര്യമെന്ന് ആഭ്യന്തരമന്ത്രി

February 13, 2014 കേരളം

കോട്ടയം: മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അനിവാര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്റലജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേഴ്ലണല്‍ സ്റ്റാഫിനെ നിയമിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പ്രസ് ക്ളബിന്‍റെ നടത്തിയ മുഖാമുഖം പരിപാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഇടപെടല്‍ ഉണ്ടാവില്ല. ഈ കേസില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുക്കുമ്പോള്‍ സിഐയ്ക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന്റെ അന്വേഷണത്തില്‍ നിന്ന് ആ സിഐയെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. വടകരയില്‍ പോലീസ് സമരക്കാരെ പോലീസ് നേരിട്ട നടപടിയെക്കുറിച്ച് ഉത്തരമേഖലാ ഐജി അന്വേഷിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. പോലീസിലെ ക്രിമിനലുകളെ നിരീക്ഷിക്കും. സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണ ഉറപ്പാക്കുന്നതിനായുള്ള ‘നിര്‍ഭയ കേരളം, സുരക്ഷിത കേരളം’ പദ്ധതിയുടെ ഉദ്ഘാടനം 15ന് രാവിലെ 10.30ന് എറണാകുളം സെന്റ ആല്‍ബര്‍ട്സ് കോളജ് ഗ്രൌണ്ടില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് കയറാന്‍ പാടില്ലാത്ത സ്ഥലമാണ് പോലീസ് സ്റേഷന്‍ എന്ന നിലപാട് സര്‍ക്കാരിനില്ല. എന്നാല്‍ കേസില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ല.

സംസ്ഥാനത്തെ പോലീസ് നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസിനെ പൂര്‍ണമായും കുറ്റപ്പെടുത്താനാകില്ല. പോലീസുകാരുടെ ആരോഗ്യപരിരക്ഷയ്ക്കായി 20 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുകയാണ്. പാര്‍ലമെന്റ് പാസാക്കിയ പുതിയ നിമയത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ സ്ത്രീ പോലീസുകാര്‍ക്കു മാത്രമേ കഴിയൂ. എന്നാല്‍ സംസ്ഥാനത്തെ പോലീസില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളുള്ളത്. ഈ സാഹചര്യത്തില്‍ വനിതാ പോലീസിന്റെ എണ്ണംവര്‍ദ്ധിപ്പിക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് പോലീസില്‍ 25 ശതമാനം വനിതകളെ നിയമിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ഇപ്പോള്‍ മൂന്നു വനിതാ പോലീസ് സ്റേഷനുകളാണുള്ളത്. ഇത് ഒന്‍പതാക്കിയുയര്‍ത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം പ്രസ്ക്ളബ് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം മുന്‍ എംഎല്‍എ വി.എന്‍.വാസവന് കോപ്പി നല്‍കി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പ്രസ് ക്ളബ് പ്രസിഡന്റ് എസ്. മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലു മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജയകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം