കൊച്ചി കായല്‍ സമ്മേളനത്തിന് നൂറു വയസ്സ്

February 13, 2014 ലേഖനങ്ങള്‍

കുന്നുകുഴി എസ്.മണി

കുന്നുകുഴി എസ്.മണി

കൊച്ചിയിലെ പുലയര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിലിരുന്ന് കൊച്ചിന്‍ പുലയന്‍ മഹാജന സഭ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ട് നൂറു വര്‍ഷം കടക്കുന്നു. ആ കാലത്ത് അയിത്ത ജാതിക്കാരായ പുലയര്‍ തുടങ്ങിയവര്‍ക്ക് നേരായ മാര്‍ഗ്ഗത്തില്‍ കരയില്‍ സഞ്ചരിക്കാനോ, സമ്മേളനം ചേരാനോ കഴിയുമായിരുന്നില്ല. തീണ്ടലും തൊടിലും രൂക്ഷമായി രുന്ന ഒരു കാലഘട്ടത്തി ലാണ് കൊച്ചിയിലെ പുലയര്‍ക്കിടയില്‍ പരസ്പരം സംഘടിച്ച് ഒരു സംഘടന രൂപീകരിക്കാനുള്ള ആവേശം ജനിച്ചത്.

അതിനുമുന്‍പുതന്നെ തിരുവിതാംകൂറില്‍ ആദ്യമായി മഹാനായ അയ്യന്‍കാളി 1907-ല്‍ ‘സാധു ജനപരിപാലന സംഘം’ വെങ്ങാനൂരില്‍ രൂപീകരിച്ചിരുന്നു. അയിത്ത ജാതിക്കാരില്‍ സംഘടനാബോധത്തിന് കാരണവും അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘം തന്നെയാണ്. പിന്നീട് ആറുവര്‍ഷം കടന്നിട്ടാണ് കൊച്ചിയിലെ പുലയര്‍ പാത്തും പതുങ്ങിയും കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി കൊച്ചി പുലയര്‍ മഹാജനസഭ രൂപീകരിച്ചത്. കൊച്ചി കായല്‍ പരപ്പിലാണ് അതിന്റെ ജനനം. കരയില്‍ സ്ഥലമില്ലാത്തതുകൊണ്ടല്ല. കൊച്ചിയിലെ പുലയര്‍ക്കന്ന് കരമാര്‍ഗ്ഗം സഞ്ചരിക്കാനോ, സമ്മേളനങ്ങള്‍ ചേരാനോ പാടില്ലായിരുന്നു. അത്രമേല്‍ തീണ്ടലും തൊടീലും രൂക്ഷമായിരുന്നു. എന്തിനേറെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍പോലും കരയില്‍ കടന്നുകൂട. വള്ളങ്ങളില്‍ നടുക്കായലിലെത്തി തമ്പടിച്ചുവേണം അന്യായവില കൊടുത്ത് സാധനങ്ങള്‍ വാങ്ങാന്‍.Kayal Sammelan-pb

വല്ലാര്‍പാടം, ഇളംകുന്നുപുഴ, മുളവുകാട്, വൈപ്പിന്‍ ചിറ്റൂര്‍, ചേരാനല്ലൂര്‍, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളില്‍ അധികവും പുലയരും ധീവരുമായിരുന്നു തിങ്ങിപ്പാര്‍ത്തി രുന്നത്. സംഖ്യാതലത്തില്‍ പുലയരോടൊപ്പം ധീവരും മുന്നില്‍ നിന്നിരുന്നു. അവരും സവര്‍ണരുടെ ചണ്ഡാള നിയമങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും വിധേയരായിരുന്നു. ധീവരുടെ ഇടയില്‍ നിന്നും ജനിച്ചു വളര്‍ന്ന പണ്ഡിറ്റ് കറുപ്പന്‍ ധീവരര്‍ക്ക് നേതൃത്വം നല്‍കികൊണ്ട് രംഗത്തു വന്നു. 1909 ല്‍ കൊച്ചിയി ലെ വിദ്യാലയങ്ങളില്‍ ഒന്നില്‍പോലും പുലയരുടെ ഒരു കുട്ടിപോലും വിദ്യാഭ്യാസം ചെയ്തിരുന്നില്ല. കറുത്തുമുഷിഞ്ഞ വേഷവിധാനത്തോടെയുള്ള പുരുഷന്മാരുടേയും അര്‍ദ്ധനഗ്ന കളായ സ്ത്രീകളേയും എങ്ങും കാണാമായിരുന്നു. ചില പ്രദേശങ്ങളിലെ പുലയ സ്ത്രീകള്‍ പുല്ലുകൊണ്ട് നഗ്നതമറച്ചിരുന്നുവെന്നാണ് വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തിയിരുന്നത്. കാരണം തണ്ടപ്പുലയര്‍ ധാരാളമുണ്ടായിരുന്നത് കൊച്ചിയിലാണ്. ഇലയുടെ തണ്ടുകൊണ്ട് നാണം മറച്ചിരുന്നത് കൊണ്ടാണ് ഇവര്‍ക്ക് തണ്ടപ്പുലയര്‍ എന്ന് പേരുണ്ടായിരുന്നത്. അടിമത്വവും അയിത്താചാരവും എങ്ങും നടമാടിയിരുന്നു. ഈ വിധ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടാണ് കറുപ്പന്‍ മാസ്റ്റര്‍ സ്വസമുദായ രംഗത്ത് എത്തിയത്. അദ്ദേഹം പില്‍ക്കാലത്ത് ധാരാളം കവിതകള്‍ ഈ ജനവിഭാഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ‘ജാതിക്കുമ്മിയെന്ന കവിതാസമാഹാരം ഏറെ പ്രസിദ്ധമാണ്. ഒടുവില്‍ ധീവരനായ കറുപ്പന്‍മാസ്റ്റര്‍ കൊച്ചി പുലയര്‍ മഹാസഭയുടെ സ്ഥാപക നേതാവായി ഉയര്‍ന്നു.

എറണാകുളം നഗരത്തിനും കൊച്ചി അഴിമുഖത്തിനും ഇടയ്ക്കു പരന്നു കിടക്കുന്ന വിശാലമായ കൊച്ചിക്കായലില്‍ ഇന്ന് കാണുന്ന വില്ലിംഗണ്‍ ഐലന്റിന്റെ വടക്കേ പകുതിയോളം ഭാഗം ആ കാലത്ത് കായലിനടിയിലായിരുന്നുവെന്നാണ് അഡ്വ. കെ.കെ. മാധവന്‍ എക്‌സ് എം.പി. കായല്‍ പരപ്പില്‍ നിന്നൊരു സംഘടന’ എന്ന ലേഖനത്തില്‍ (ഗജങട സോവനീര്‍ – 1983) വിവരിക്കുന്നത്. അദ്ദേഹം തുടരുന്നു. പിന്നീട് കൊച്ചി ഹാര്‍ബറിന്റെ വികസനത്തിനുവേണ്ടി നികത്തികൊടുത്തതാണ് വില്ലിംഗ്ടണ്‍ ഐലന്റിന്റെ ഈ ഭാഗം. കായലിന്റെ വടക്കുവശത്ത് എറണാകുളത്തെ ഹൈക്കോടതിക്കു അഭിമുഖമായി നിലകൊള്ളുന്ന ‘ബോള്‍ഗാട്ടിപാലസ്’ സ്ഥിതി ചെയ്യുന്ന ‘മുളവുകാട്’ ദ്വീപും, പിന്നെയും പടിഞ്ഞാറായി ‘വല്ലാര്‍പാടം’ ദ്വീപും ഏറ്റവും പടിഞ്ഞാറായി അറബിക്കടലി ന്റെ തിരമാലകള്‍ ആഞ്ഞടിക്കുന്ന ‘വൈപ്പിന്‍’ ദ്വീപും കാണാം. കായലിന്റെ തെക്കേയറ്റത്ത് അന്നുണ്ടായിരുന്ന ഒരു ചെറിയ ദ്വീപ് ഇന്ന് വില്ലിംഗ്ടണ്‍ ഐലിന്റിന്റെ ഏറ്റവും പഴക്കമുള്ള ഭാഗമാണ്. ഈ പ്രദേശത്തിന് ‘വെണ്ടുരുത്തി’ യെന്നും ‘വാത്തുരുത്തി’ എന്നും പറയുന്നു. തെക്കോട്ടു മാറിയാല്‍ പിന്നെയും കായല്‍ – വൈക്കം കായലിന്റെ വടക്കേ അറ്റം. പകല്‍ സമയത്ത് ഉച്ചക്കഴിഞ്ഞാല്‍ അറബിക്കടലില്‍ നിന്ന് മദയാനകളെപ്പോലെ ആര്‍ത്തിരമ്പി കിഴക്കോട്ടടിക്കുന്ന തിരമാലകള്‍ ഉഗ്രപ്രതാപത്തോടെ എറണാകുളം നഗരത്തിന്റെ കരയില്‍ ചെന്നു വിലയം പ്രാപിക്കുകയാണ്. ഇതാണ് അന്നത്തെ കായലിന്റെ അവസ്ഥയെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ വിലയിരുത്തുന്നു.

1913 ഏപ്രില്‍ മാസം 21-ാം തീയതി (1088 മേടമാസം 9) മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ചാത്തന്‍കൃഷ്ണാദിയെന്ന കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ പുലയര്‍ വള്ളങ്ങളില്‍ ടി.കെ. കൃഷ്ണമേനോന്റെ വീടിനു പഠിഞ്ഞാറു ഭാഗത്തെ കൊച്ചി കായല്‍ പരപ്പില്‍ എത്തിച്ചേര്‍ന്നു. മുളവുകാട് ദ്വീപില്‍ ഐക്കര, കല്ലച്ചം മുറി എന്ന പേരുകളില്‍ അറിയപ്പെടുന്ന പ്രശസ്തമായ പുലയതറവാട്ടിലെ ചാത്തന്റെയും കാളിയുടെയും ഇളയമകനായിട്ടാണ് കൃഷ്ണാദി ജനിച്ചത്. ദൃഢഗാത്രനായിരുന്ന കൃഷ്ണാദിക്ക് അന്ന് പ്രായം 35 വയസ്സായിരുന്നു. സംസ്‌കൃതവും, ആയൂര്‍വേദവും, ശാസ്ത്രീയസംഗീതവും പഠിച്ചിരുന്ന കൃഷ്ണാദിക്ക് മറ്റ് പുലയരുടേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഉണ്ടായിരുന്നത്. സമ്പന്നമായ കുടുംബത്തിലെ അംഗമെന്ന നിലയില്‍ പുലയരുടെ നേതൃനിരയിലേയ്ക്ക് കൃഷ്ണാദി ഉയര്‍ന്നിരുന്നു.

കായല്‍പ്പരപ്പില്‍ വള്ളങ്ങളിലെത്തിയ പുലയര്‍ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി അതില്‍ പലകള്‍ നിരത്തി ഒരു താല്‍ക്കാലിക ഫ്‌ളാറ്റ് ഫാം ഉണ്ടാക്കി. കറുപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അന്നാദ്യമായി കൊച്ചിയിലെ പുലയര്‍ യോഗം ചേര്‍ന്ന് ‘കൊച്ചി പുലയമഹാജനസഭ’ യ്ക്കു രൂപം കൊടുത്തു. അതുകഴിഞ്ഞതി നുശേഷം കുറെയേറെ പുലയര്‍ ടി.കെ. കൃഷ്ണമേനോനെ അദ്ദേഹത്തിന്റെ വീടായ കുമാരാലയത്തിന്റെ പടിഞ്ഞാറുവശ ത്തുള്ള നികത്തുഭൂമിയില്‍ എത്തിച്ചേര്‍ന്നു. കൊച്ചി സംസ്ഥാനത്ത് വ്യാപകമായി പുലയരുടെ ഒരു സംഘടന രൂപീകരിക്കണമെന്ന് ടി.കെ. കൃഷ്ണമേനോട് അവര്‍ ആവശ്യപ്പെട്ടതായി ടി.കെ. കൃഷ്ണമേനോന്റെ ഡയറിക്കുറിപ്പു കളില്‍ നിന്നും അഡ്വ. കെ.കെ. മാധവന്‍ എക്‌സ് എം.പി.യുടെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണമേനോന്റെ ആവശ്യപ്രകാരം, കറുപ്പന്‍ മാസ്റ്ററെ കൂട്ടിവരാന്‍ അവര്‍ – പുലയര്‍ പോയി.

മീറ്റിംഗിനുള്ള നോട്ടീസ് തയ്യാറാക്കി. എറണാകുളം, സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ വച്ച് യോഗം നടത്തുന്നതിന് റവ. ഫാദര്‍ ഡോമിനിക്കിന്റെ അനുവാദം വാങ്ങിയശേഷം നോട്ടീസ് അച്ചടിപ്പിച്ചു. നോട്ടീസ് വിതരണത്തിന്റെ ചുമതല പുലയര്‍ ഏറ്റെടുത്തു. യോഗത്തില്‍ കുളിച്ച് വൃത്തിയായി വസ്ത്രധാര ണം ചെയ്തു വേണം എത്തേണ്ടതെന്നു മേനോന്റെ വാക്കുകള്‍ പുലയര്‍ ശ്രവിച്ചിരുന്നു. അങ്ങിനെ 1925 മെയ് 25ന് പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ വച്ച് ടി.കെ. കൃഷ്ണമേനോന്‍ അദ്ധ്യക്ഷതയില്‍ പുലയരുടെ യോഗം ചേര്‍ന്നു. ആ മഹായോഗത്തില്‍ വച്ച് കൊച്ചി ‘പുലയ മഹാജനസഭ’ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി മേനോന്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാദര്‍ ഡോമിക്ക്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, കൃഷ്ണാദി ആശാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ 1500-ല്‍ പ്പരം പുലയരെ (സ്ത്രീകളടക്കം) യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. കൊച്ചിയിലെ ഏറ്റവും മഹത്തായ സംഭവമായി ചരിത്രം രേഖപ്പെടുത്തുന്നു. എന്നാല്‍ ഈ മഹായോഗത്തില്‍ തിരുവിതാംകൂറില്‍ പ്രജാസഭ മെമ്പറായിരുന്ന അയ്യന്‍കാളിയെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ യോഗത്തോടെയാണ് പി.സി. ചാഞ്ചന്‍ പുലയരുടെ നേതാവായി ഉയര്‍ന്നു വന്നത്. അഞ്ചുമാസത്തിനുശേഷം സെപ്തംബര്‍ മാസത്തില്‍ സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ വച്ചുതന്നെ ഒരു ദ്വിതീയ സമ്മേളനം നടന്നു. ഈ യോഗത്തില്‍ രണ്ടായിരത്തിലേറെ പുലയര്‍ പങ്കെടുത്തിരുന്നു. സവര്‍ണര്‍ യോഗത്തിന് എത്തിക്കൊണ്ടിരുന്ന പുലയരെ പലതരത്തില്‍ വഴിവക്കുകളില്‍ കാത്തുനിന്നു ഭീഷണിമുഴക്കിയെങ്കിലും ഒന്നും വിലപോയിരുന്നില്ല. ഈ സമ്മേളനത്തില്‍ വച്ച് കൊച്ചി പുലയ ജനമഹാസഭയുടെ ആദ്യപ്രസിഡന്റായി കൃഷ്ണാദി ആശാനേയും സെക്രട്ടറിയായി പി.സി. ചാഞ്ചനേയും തെരഞ്ഞെടുത്തു. കൂടാതെ സംഘടനയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു നിയമാവലി (ബൈലോ) എഴുതി അംഗീകരിക്കുകയും പ്രവര്‍ത്തനത്തിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സംഘടനയ്ക്ക് ഫണ്ടു ശേഖരിക്കുന്നതിലേയ്ക്കായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പ്രവേശനത്തിനാ യി 3 പൈസ ടിക്കറ്റും വച്ചിരുന്നു. ഈ ഇനത്തില്‍ നല്ലൊരു സംഖ്യ സംഘടനയ്ക്കുണ്ടായി. പുലയരുടെ സംഘടനയ്ക്ക് വേണ്ടി ഫണ്ട് ശേഖരിച്ചിരുന്നത് അവരില്‍ നിന്നും തന്നെയായിരുന്നു. ഈ സംരംഭം വളരെക്കാലം കൊച്ചി പുലയര്‍ മഹാജനസഭക്കാര്‍ പാലിച്ചിരുന്നു. പുലയര്‍ കൂടുതലായി താമസിച്ചിരുന്ന കേന്ദ്രങ്ങളില്‍ വച്ച് പലയോഗങ്ങളും സംഘടന നടത്തിയിരുന്നു. ഇതെല്ലാം കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന പുലയരില്‍ ആദ്യകാലത്ത് നല്ലൊരു ഉണര്‍വിന് കാരണമായി. ഈ സമ്മേളനത്തെക്കുറിച്ച് കൊച്ചി മഹാരാജാവിന് ടി.കെ. കൃഷ്ണമേനോന്‍ ഒരു റിപ്പോര്‍ട്ട് അയച്ചുകൊടുത്തു. ആ റിപ്പോര്‍ട്ടിനുള്ള മറുപടിയായി മഹാരാജാവ് തിരുമനസ്സ് കൊണ്ട് ഇങ്ങനെ എഴുതി. ‘പുലയരുടെ സമ്മേളനത്തെപ്പറ്റി എഴുതിയിരുന്ന കാര്യങ്ങള്‍ ഞാന്‍ വളരെ താല്‍പര്യത്തോടു കൂടി വായിച്ചു. യോഗത്തില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ നിന്നു തന്നെ എന്റെ പ്രജകളുടെ കൂട്ടത്തിലുള്ള ഈ പിന്നണി വിഭാഗക്കാര്‍ അവരുടെ ദയനീയാവസ്ഥയെപ്പറ്റി മനസ്സിലാക്കി, സ്ഥിതി മെച്ചപ്പെടുത്തുവാന്‍ ആകാംക്ഷയുള്ളവരാ യി തീര്‍ന്നിരിക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്. വള്ളംകളി ആഘോഷവേളയില്‍ ബോള്‍ഗാട്ടിയില്‍ നടന്ന സംഭവം എനിക്കോര്‍മ്മയുണ്ട്. നിവേദനപത്രം എന്റെ കൈയ്യില്‍ കിട്ടിയില്ല. അതു വരുമ്പോള്‍ ഏറ്റവും നല്ല പരിഗണന നല്‍കുന്നതായിരിക്കും. ‘

കൊച്ചി പുലയര്‍ മഹാജനസഭ സമ്മേളനങ്ങള്‍ നടത്തുക മാത്രമല്ല ഗവമെണ്ടില്‍ നിവേദനങ്ങള്‍ കൊടുക്കുകയും കൂടുതല്‍ സഞ്ചാരസ്വാതന്ത്ര്യവും വിദ്യാലയ പ്രവേശനവും നേടിയെടുത്തു. കൂടാതെ സഭ ജനങ്ങളുടെ ഉന്നമനത്തിനായി ചില കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയുമുണ്ടായി. ആ പരിപാടികള്‍ ഇതാണ്:-

1. കുട്ടികളെ വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കുക.
2. പ്രായമായവര്‍ക്ക് നിശാപാഠശാലകള്‍ ഏര്‍പ്പെടുത്തുക.
3. മദ്യപാനം, മന്ത്രവാദം, കാതുകുത്ത് കല്യാണം, നിരണ്ടു കല്യാണം, വിവാഹമല്ലാത്ത വെറും കെട്ടുകല്യാണം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍.
4. വിവാഹ സമയത്ത് വരന്‍ വധുവിന്റെ കുടുംബക്കാര്‍ക്ക് വിലയായി പണം കൊടുക്കുന്ന ആചാരം (ഇതിന് കാണം എന്നാണ് പേര് പറഞ്ഞിരുന്നത്) അവസാനിപ്പിക്കുക.
5. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പരിഷ്‌കൃത രീതിയില്‍ വസ്ത്രധാരണം ചെയ്യുക.
6. പുരുഷന്മാര്‍ മുടിക്രോപ്പു ചെയ്യുക, ചെരിപ്പും കുടയും ഉപയോഗിക്കുക.
7. സമുദായംഗങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുക.

ഇവയില്‍ നമ്പര്‍ 3-ല്‍ പറയുന്ന കാതുകുത്തു കല്യാണം, തിരണ്ടു കല്യാണം എന്നിവ പുലയരുടെ സമുദായ (ഗോത്ര) ആചാരങ്ങളില്‍പ്പെടുന്നതാണ്. ഗോത്രാചാരങ്ങള്‍ അവസാനി പ്പിക്കണമെന്ന് പറയുന്നതിനോട് പുലയരുടെ ചരിത്രമെഴുതിയ ഈ ലേഖകന്‍ യോജിക്കുന്നില്ല. ഗോത്രാചാരങ്ങള്‍ അതെപടി നിലനിറുത്തേണ്ടതാണ്. ഈയിടെ അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും നേതാവുമായ മണ്‌ഡേലയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ അവരുടെ ഗോത്രാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത് ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. പുലയരുടെ ഗോത്രാചാരങ്ങള്‍ നിലനിറുത്ത പ്പെടേണ്ടതു തന്നെയാണ്. നമ്മെ മറ്റു ജനപഥങ്ങളില്‍ നിന്നും വ്യത്യസ്ഥരാക്കുന്ന ഒന്നാണ് ഗോത്രാചാരങ്ങള്‍. അത്തരം ആചാരങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഒരു ജനപഥത്തിന്റെ ആസ്തിത്വം ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്.

1925-ല്‍ ദിവാന്‍ ടി.എസ്. നാരായണ അയ്യരുടെ അദ്ധ്യക്ഷത യില്‍ എറണാകുളത്ത് മഹാരാജാമ്പ് കോളേജില്‍ ചേര്‍ന്ന കൊച്ചി പുലയ മഹാജനസഭ കെ.പി. വള്ളത്തോളിനെ നേതൃനിരയിലേക്ക് കൊണ്ടു വന്നു. വള്ളോനെ നേതൃത്വ സ്ഥാനത്ത് കൊണ്ടു വന്നതോടെ കൊച്ചിയിലെ പുലയരാധി അധഃസ്ഥിതര്‍ക്ക് പുതിയൊരുന്മേഷവും പ്രവര്‍ത്തന മേഖലയും കണ്ടെത്താനായി. 1926-ല്‍ പി.സി. ചാഞ്ചനെ ആദ്യത്തെ പുലയ പ്രതിനിധിയായി കൊച്ചി നിയമസഭയില്‍ മെമ്പറായി തെരഞ്ഞെടുത്തു. സമുദായ സേവനരംഗത്ത് നിലയുറപ്പിച്ചിരുന്ന കെ.പി. വള്ളോനെ 1931-ല്‍ കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു. അങ്ങിനെ ചാഞ്ചനും, വള്ളോനും എം.എല്‍.സി യെന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ കൊച്ചിയിലെ പുലയര്‍ക്കായി നേടിക്കൊടുത്തു. 1936-ല്‍ വള്ളോല്‍ എം.എല്‍.സി അധഃകൃതന്‍ എന്ന പേരില്‍ ഒരു മാസിക ധര്‍മ്മ കാഹളം പ്രസ്സില്‍ നിന്നും പുലയരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി പ്രസിദ്ധീകരണം തുടങ്ങി. അയ്യന്‍കാളി സാധുജന പരിപാലിന തുടങ്ങിയതുപോലെ അധഃകൃതനും രണ്ടാംസ്ഥാനക്കാരനായി നിലകൊണ്ടു. വള്ളോന്‍ പിന്നീട് ‘ഹരിജന്‍’ എന്നൊരു മാസികയും ആരംഭിച്ചു. ഈ പ്രസിദ്ധീകരണങ്ങള്‍ വഴി കൊച്ചി പ്രദേശത്തെ പുലയരില്‍ ഒട്ടേറെ പുരോഗമനാശയങ്ങള്‍ നടപ്പില്‍ വരത്തുവാനും, അനാചാരപ്രവണതകളെ ഉപേക്ഷിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു.

1940 ഏപ്രില്‍ 14ന് വള്ളോന്‍ മസൂരി രോഗബാധയെ തുടര്‍ന്ന് അന്തരിച്ചു. കൊച്ചിയിലെ പുലയര്‍ക്ക് വള്ളോന്റെ നിരോധനം കനത്ത പ്രഹരമായിട്ടാണ് അനുഭവപ്പെട്ടത്. ഇതിനിടെ കൃഷ്ണാദി ആശാനും മറ്റും ക്രസ്തു മതം സ്വീകരിച്ചത് പുലയ മഹാജനസഭ പ്രവര്‍ത്തനത്തെ ബാധിച്ചു. വള്ളോന്‍ എം.എല്‍.സിയുടെ പ്രിയ ശിഷ്യനായി രംഗത്തുവന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍ 1957-ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റില്‍ ഹരിജനക്ഷേമ വകുപ്പുമന്ത്രിയായി. അങ്ങിനെ കൊച്ചി കായലില്‍ രൂപം കൊണ്ട് കൊച്ചി പുലയ മഹാജന സഭയുടെ ചരിത്രശേഷിപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ ഒരു നൂറ്റാണ്ടു തികയുന്ന ഈ അവസരത്തില്‍ നാം ബാദ്ധ്യസ്ഥരാണ്. അതെ സമയം സജാതിയരല്ലാത്ത ചില ചരിത്രകാരന്മാര്‍ കൊച്ചിയിലെ കായല്‍ സമ്മേളനത്തെ എഴുതി കുളം തോണ്ടി മറിച്ച നിലയിലാണ്. കായല്‍ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒന്നാണ്. അത് നിഷേധിക്കാനും വികൃത വല്‍ക്കരിക്കാനും ശ്രമിച്ചാല്‍ ചരിത്രം അവര്‍ക്ക് മാപ്പു നല്‍കുകയില്ല. കായല്‍ സമ്മേളനത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ക്കുറിച്ചെഴുതിയ എനിക്കെതിരെ മാതൃഭൂമി വാരികയില്‍ മോശമായ പദവിന്യാസങ്ങളോടെ എഴുതിയ നപുംസകങ്ങള്‍ വരെ ഉണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ കൊച്ചിയിലെ പുലയര്‍ ഇന്ന് ഉന്നത മേഖലകളില്‍ വ്യാപരിക്കുന്നുണ്ട്. വള്ളോന്റെ പുത്രനായ കെ.വി. കുമാരനും, ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന ദാക്ഷായ ണിവേലായുധനും, മജിസ്‌ട്രേട്ടായിരുന്ന ടി.എ. പരമനുമെല്ലാം കൊച്ചിയില്‍ നിന്നും അത്യുന്നങ്ങളില്‍ എത്തിയ പുലയസമുദായക്കാരായിരുന്നു. ഒരു നൂറ്റാണ്ടിനുമുന്‍പ് കൊച്ചി കായലില്‍ സമ്മേളനത്തിലൂടെ ഊരുത്തിരിഞ്ഞ സംഘടന ശക്തിയ്ക്കും അത് സമൂഹത്തിനേല്‍പ്പിച്ച നവോത്ഥാന പ്രഹരശേഷിയും നാം കണ്ടില്ലെന്ന നടിക്കരുത്. അടുത്ത നൂറ്റാണ്ടിലേയ്ക്കുള്ള കുതിപ്പിന് ഈ ചരിത്ര പാഠങ്ങള്‍ ആവോളം പ്രേരകമാകട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍