ധര്‍മ്മം മനുഷ്യജീവിതാദര്‍ശം

February 14, 2014 സനാതനം

വെങ്കട്ടരാമന്‍geethopadesam
‘സത്യം വദ, ധര്‍മ്മം ചര’ എന്നാണല്ലോ പ്രമാണം. സത്യം പറയണമെങ്കില്‍, ധര്‍മ്മം ആചരിക്കണം. ധര്‍മ്മം ആചരിക്കണമെങ്കില്‍ സത്യം പറയുകതന്നെ വേണം. ധര്‍മ്മമാര്‍ഗ്ഗം ഒന്നു മാത്രമേ ഈശ്വരസാക്ഷാത്ക്കാരത്തിനു സഹായമാകുകയുള്ളൂ.

കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യചിദാനന്ദപുരി സ്വാമിജി, തന്റെ ‘സനാതനധര്‍മ്മം’ എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു. ‘ ഈ ലോകത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്ഥ ഗുണഘടനയോടൊത്തവരാണ്. ഒരാളെപ്പോലെ മറ്റൊരാള്‍ ഇല്ല തന്നെ.

തീര്‍ത്തും വ്യത്യസ്ഥരായ നമ്മെ ഒന്നായി ഒരു കുടുംബമായി, ഒരു സമാജമായി, ഒരു ജനതയായിചേര്‍ത്തുനിര്‍ത്തി ധരിക്കുന്ന മൂല്യങ്ങളുടെ ആകെത്തുകയാണ് ധര്‍മ്മം എന്ന് മനസ്സിലാക്കണം’. ധര്‍മ്മത്തെ പല ആചാര്യന്മാരും നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പക്ഷെ, ധര്‍മ്മ നിര്‍വചനങ്ങളില്‍ പൂര്‍ണ്ണമായും ധര്‍മ്മത്തെ നമുക്ക് മനസ്സിലാക്കിത്തരുന്നതായ നിര്‍വചനം ശ്രീമദ് ആദിശങ്കരാചാര്യ ഭഗവദ്പാദരുടേതാണ്. ശ്രീമദ് ഭഗവദ്ഗീതാ ഭാഷ്യത്തിന്റെ ഉപക്രമത്തില്‍ ധര്‍മ്മം ഇപ്രകാരം നിര്‍വചിക്കപ്പെടുന്നു: ജഗത: സ്ഥിതികാരണം പ്രാണിനാം സാക്ഷാത് അഭ്യുദയ നിഃശ്രേയസങ്ങള്‍ക്ക് ഹേതുവുമായത് ഏതോ, അതാകുന്നു ധര്‍മ്മം)

ധര്‍മ്മം ശാശ്വതമാണ്. ഈശ്വരസൃഷ്ടിയില്‍നിന്ന് ധര്‍മ്മത്തെ തുടച്ചുനീക്കുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. എങ്കിലും, ധര്‍മ്മത്തിന് വളര്‍ച്ചയും തളര്‍ച്ചയും മാറി മാറി സംഭവിച്ചു കൊണ്ടിരിക്കും. ധര്‍മ്മച്യുതി സംഭവിക്കുമ്പോള്‍ ജനങ്ങളുടെ പൊതുവായ പ്രവണത അധാര്‍മ്മികമായിരിക്കും.

അങ്ങനെയുള്ള ഒരു കാലഘട്ടത്തിലൂടെ നാം ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഈ ദുഃഖസ്ഥിതിയില്‍ നിന്നുള്ള ഏകരക്ഷാമാര്‍ഗ്ഗം സമൂഹ മനസ്സില്‍ പരിവര്‍ത്തനം ഉണ്ടാക്കുക എന്നതാണ്.

അത് ആരംഭിക്കേണ്ടത് വ്യക്തി മനസ്സില്‍ക്കൂടി ആയിരിക്കണം അതിനാല്‍ വ്യക്തിമനസ്സുകളില്‍ ധര്‍മ്മത്തെ പ്രതിഷ്ഠിക്കലൊന്നുമാത്രമാണ് കരണീയം എന്ന് മനസ്സിലാക്കാം. അതിന്, ആദ്യമായി ധര്‍മ്മമെന്താണെന്ന് എന്ന് വ്യക്തമായി മനസ്സിലാക്കണം. ഇതിനുള്ള പ്രധാനവും പ്രഥമവുമായ മാര്‍ഗ്ഗം ഗുരുവില്‍ നിന്ന് ധര്‍മ്മതത്വം ഗ്രഹിക്കുക എന്നതാണ്.

യൂറോപ്പിന്റെയും അമേരിക്കയുടെയും, നിറങ്ങളില്‍ മുക്കപ്പെട്ട ശാസ്ത്രത്തിന്റെ തിളക്കത്തില്‍ കണ്ണഞ്ചിക്കപ്പെട്ട്, ഇന്നത്തെ ഭാരതീയരും പറയാന്‍ തുടങ്ങിയിരിക്കുന്നു: ‘ഞാന്‍ ധര്‍മ്മത്തെയും ദൈവത്തെയും വെറുക്കുന്നു. ദയവ് ചെയ്ത് ഈ ധര്‍മ്മത്തെക്കുറിച്ച് എന്നോട് സംസാരിക്കരുത്.’ എന്തൊരു അധര്‍മ്മമാണ് ഇത്തരത്തിലുള്ള സംസാരം. ഒന്ന് ചിന്തിക്കൂ.

നമ്മള്‍ ഇത്ര വെറുക്കുന്ന ആ ദൈവം സദാ നമ്മുടെ ഹൃദയത്തില്‍ തന്നെ ഇരിക്കുന്നു. ആ ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് നമ്മുടെ നമ്മുടെ കണ്ണുകള്‍ക്ക് കാണുവാനും ശ്രവണേന്ദ്രിയങ്ങള്‍ക്ക് കേള്‍ക്കുവാനും സാധിക്കുന്നത്. ആ കാരുണ്യം കൊണ്ടാണ് നാസികകള്‍ക്ക് ഘ്രാണശക്തി ലഭിക്കുന്നതും നാവിന് രുചിക്കാന്‍ കഴിയുന്നതും.

ആ അനുഗ്രഹം കൊണ്ട് മാത്രമാണ് നമ്മുടെ കൈകള്‍ക്ക് വാങ്ങുവാനും കൊടുക്കുവാനും ഉള്ള കഴിവ് ലഭിക്കുന്നതും പാദങ്ങള്‍ക്ക് നടക്കുവാന്‍ കഴിവുണ്ടാകുന്നതും ആ ദയകൊണ്ട് മാത്രമാണ് നമ്മുടെ ബുദ്ധിക്ക് തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്നതും മനസ്സ് പ്രവര്‍ത്തിക്കുന്നതും. എന്തിനധികം നമ്മുടെ ജീവിതം തന്നെ ആ ദൈവത്തിന്റെ കൃപയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇങ്ങനെയുള്ള ദൈവത്തെ വെറുത്തുകൊണ്ട് നമുക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും? ധര്‍മ്മത്തെക്കുറിച്ചും ഇത് വാസ്തവമാണ്. ധര്‍മ്മത്തിന്റെ രൂപം നമ്മള്‍ ജീവിക്കുന്ന വിസ്തൃതമായ ഈ പ്രപഞ്ചത്തെക്കാള്‍ വലുതാണ്.

നമ്മുടെ ഈ ലോകം ധര്‍മ്മത്തിന്റെ ഉദരത്തില്‍ ഒരു മൂലയില്‍ ഒതുങ്ങുന്നതാണ്. അങ്ങനെയുള്ള ധര്‍മ്മത്തെ നമ്മള്‍ വെറുക്കുന്നുവെങ്കില്‍, നമുക്ക് നമ്മെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതെങ്ങനെ? അഗാധമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. ശങ്കരാചാര്യസ്വാമികള്‍ നിര്‍വചിച്ച ധര്‍മ്മത്തിലെ അഭ്യുദയം, നിഃശ്രേയസ്സ് എന്നീവാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിയിരിക്കണം. ആദ്യമായി നിഃശ്രേയസം എന്ന പദം എടുക്കാം. ശ്രേയസ്സ് എന്നാല്‍ ക്ഷേമം.

മഹത്വത്തിലും പ്രാധാന്യത്തിലും മറ്റൊന്നിനാലും അതിക്രമിക്കപ്പെടുവാന്‍ കഴിയാത്തതും പരമവുമായ ക്ഷേമത്തെയാണ് നിഃശ്രേയസ്സ് എന്നു പറയുന്നത്. ഏറ്റവും മഹത്തായ സൗഭാഗ്യമാണ് മോക്ഷം അല്ലെങ്കില്‍ മോചനം എന്ന് അറിയപ്പെടുന്നത്. കാരണം, അത് നേടിയാല്‍ പിന്നെ നേടേണ്ടതായി മറ്റൊന്നുംതന്നെയില്ല. അങ്ങനെ നിഃശ്രേയസ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മോചനം, ഈശ്വരസാക്ഷാത്കാരം അല്ലെങ്കില്‍ ജനനമരണങ്ങളാകുന്ന ബന്ധങ്ങളില്‍ നിന്നുള്ള മോചനം എന്നൊക്കെയാണ്. അതുകൊണ്ട്, ഏതൊന്നിന്റെ അഭ്യാസം കൊണ്ടാണോ മോക്ഷം ലഭ്യമാകുക, അതാണ് ധര്‍മ്മം.

അഭ്യുദയമെന്നാല്‍, ആഡംബരത്തിനോ അധികധനത്തിനോ ആഗ്രഹിക്കാതെ ശരീരം നിലനിര്‍ത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമായിരിക്കുക എന്നതാണ്.

‘ആഹാര നിദ്രാ ഭയ മൈഥുനം ച
സാമാന്യമേതത് പശുഭിര്‍രാണാം
ധര്‍മ്മോഹിതേഷാമധികോ വിശേഷാ
ധര്‍മ്മേണ ഹീനാഃ പശുഭിഃ സമാനാഃ’

(ആഹാരം, നിദ്ര, ഭയം, മൈഥുനം ഇവ നാലും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പൊതുവേ ബാധകമായവയാണ്: മനുഷ്യനില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ അത് ധര്‍മ്മമാണ്. ധര്‍മമില്ലാത്ത മനുഷ്യന്‍ മൃഗതുല്യനാണ്. (തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം