അഴിമതി മൂടിവയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നു: ബിജെപി

December 20, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിയില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിച്ച്‌ രാജ്യത്തെ അഴിമതിമുക്തമാക്കാനാണ്‌ പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടതെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. അഴിമതി വിപുലമായ രീതിയില്‍ എല്ലായിടത്തും പിടിമുറുക്കുമ്പോള്‍ അതില്ലാതാക്കാന്‍ നോക്കേണ്ടത്‌ പ്രധാനമന്ത്രിയുടെ കടമയാണെന്നും ബിജെപി പറഞ്ഞു. അഴിമതിയാരോപണങ്ങള്‍ മറയ്‌ക്കാന്‍ വിഫലശ്രമം നടത്തുകയാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയെന്ന്‌ ബിജെപി വക്താവ്‌ രാജീവ്‌ പ്രതാപ്‌റൂഡി പറഞ്ഞു. ബോഫോഴ്‌സ്‌ അഴിമതിയില്‍ കുരുങ്ങിയപ്പോള്‍ പ്രതികരിച്ച രീതിയിലാണ്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷ സോണിയയുടെ വാക്കുകള്‍. ദിനംപ്രതി ഒന്നിനുപുറകെ ഒന്ന്‌ എന്ന നിലയില്‍ സര്‍ക്കാരിന്റെ അഴിമതി വെളിച്ചത്തുവരികയാണ്‌. ഇവയ്‌ക്ക്‌ ഉത്തരം നല്‍കാനാവാതെ കോണ്‍ഗ്രസ്‌ വലയുകയാണ്‌. രണ്ടാം യുപിഎ സര്‍ക്കാരിന്‌ ഭരണനേട്ടം എന്ന നിലയില്‍ ഒന്നും പറയാനില്ല. കോണ്‍ഗ്രസ്‌ പൂര്‍ണമായി വളഞ്ഞുവയ്‌ക്കപ്പെട്ടിരിക്കയാണ്‌, ബിജെപി വക്താവ്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയില്‍നിന്ന്‌ നിരവധി വിഷയങ്ങളില്‍ ഉത്തരംകിട്ടാന്‍ ആഗ്രഹിച്ചവരോട്‌ മറുപടി പറയാതെ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌ ഇങ്ങനെ ജനശ്രദ്ധ തിരിക്കാമെന്നാണ്‌ കോണ്‍ഗ്രസ്‌ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌ തെറ്റി. ജനങ്ങള്‍ ഉത്തരം ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കൊണ്ട്‌ ഉത്തരം പറയിക്കും, നിര്‍മല വ്യക്തമാക്കി. ഇതിനിടെ, അഴിമതിക്കെതിരെ രാഷ്ട്രീയ സംവിധാനം ഒറ്റക്കെട്ടായി നിലകൊണ്ടില്ലെങ്കില്‍ രാജ്യം ബാക്കിയുണ്ടാവില്ലെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി പറഞ്ഞു. ശരിയായി ചിന്തിക്കുന്നവരെല്ലാവരും ഇതിനെ എതിര്‍ക്കണം, അദ്ദേഹം ചെന്നൈയില്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച പാര്‍ട്ടിയിലെ അംഗമാണ്‌ താന്‍ എന്നും വിലക്കയറ്റവും അഴിമതിയും കൂടിയായപ്പോള്‍ സാധാരണക്കാരന്‌ ദുഃസഹമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം