നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പി. ചിദംബരം ബജറ്റ് അവതരിപ്പിച്ചു

February 17, 2014 പ്രധാന വാര്‍ത്തകള്‍

Chidambaram11ന്യൂഡല്‍ഹി:  സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ഇടക്കാല കേന്ദ്രബജറ്റ് ധനമന്ത്രി പി. ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന 2014-15 വര്‍ഷത്തേക്കുള്ള ബജറ്റ്  അവതരിപ്പിച്ചു കൊണ്ട് ചിദംബരം പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ആറായിരം കോടി നീക്കിവയ്ക്കും. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആയിരം കോടി രൂപ കൂടെ നിര്‍ഭയ ഫണ്ടിലേക്ക് അധികമായി അനുവദിക്കും. വിദ്യാഭ്യാസ, പ്രതിരോധ മേഖലകള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്കിയിരിക്കുന്നത്.  2009 മുതല്‍ 2013 വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കും. ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള സബ്‌സിഡി നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുള്ള പദ്ധതി വിഹിതത്തില്‍ 1,632 ദശാംശം ഒമ്പത് കോടിയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ അനുവദിച്ചു. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ  ബഹളത്തിനിടയിലാണ് യുപിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്  അവതരിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് ഏതാനും മിനിട്ട്  ബജറ്റ് അവതരണം നിര്‍ത്തി വെച്ചെങ്കിലും ബജറ്റ് അവതരണം പിന്നീട് പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ധനക്കമ്മി 4.65 ആയി നിലനിര്‍ത്തിയെന്നും അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9 ശതമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പുറമെ 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും ബജറ്റില്‍ ചിദംബരം എടുത്തു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍