റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചു

February 17, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ റേഷന്‍ വ്യാപാരികളുടെ വില്പന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന്, റേഷന്‍ വ്യപാരികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിക്കാമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനാ ഭാരവാഹികള്‍ സമ്മതിച്ചു. ഭക്ഷ്യ-സിവില്‍-സപ്ലൈസ്-രജിസ്‌ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ്ബിന്റെ ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ആട്ടയും പഞ്ചസാരയും വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ചുകൊടുക്കണമെന്ന ആവശ്യം സംബന്ധിച്ച്, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറോട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പറഞ്ഞ ആവശ്യം നടപ്പാക്കും. സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി സേവനം ലഭ്യമാക്കാന്‍ റേഷന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്യമായി ബില്‍ കൊടുക്കുക, റേഷന്‍ ഉല്പന്നങ്ങളുടെ സ്റ്റോക്ക് ബോര്‍ഡ് വ്യക്തമായി പ്രദര്‍ശിപ്പിക്കുക, കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതില്‍ സമയക്ലിപ്തത പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കാന്‍ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തില്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി സുമന്‍ബില്ല, സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ശ്യാം ജനന്നാഥന്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എ.റ്റി.ജെയിംസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി.ലക്ഷ്മണ്‍, റേഷനിംഗ് കണ്‍ട്രോളര്‍ പി.ജി.ഗീത, റേഷന്‍ വ്യാപാരികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം