ഇ-മാലിന്യം : കര്‍ശന നടപടികള്‍ക്ക് ഉത്തരവ്

February 18, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങള്‍ അപകടകരമാംവിധം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി ഇനിപ്പറയുന്ന രീതിയില്‍ അടിയന്തിരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഇതനുസരിച്ച് ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ ഉപയോഗ ശൂന്യമാവുന്ന തങ്ങളുടെ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് നേരിട്ടോ ഏജന്റുമാര്‍ വഴിയോ ശേഖരിക്കുകയോ വില നല്‍കി മടക്കി വാങ്ങുകയോ ചെയ്യണം. ഇങ്ങനെ ശേഖരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത പുനരുല്പാദകര്‍ക്ക് അനുയോജ്യമായ മാര്‍ഗത്തില്‍ എത്തിച്ചു കൊടുക്കേണ്ടതും നിര്‍മ്മാതാക്കള്‍ തന്നെയാണ്. അംഗീകൃത ബ്രാന്‍ഡുകളുടെ ഇലക്ട്രിക്കല്‍ – ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ ഇ-മാലിന്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ അവ ഉല്പാദകര്‍ക്ക് മടക്കിനല്‍കുകയോ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രാദേശിക സംവിധാനം വഴി ഒഴിവാക്കുകയോ ചെയ്യണം. സംസ്ഥാനത്തെ ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനോ പുനരുത്പാദനം ചെയ്യുന്നതിനോ പര്യാപ്തമായ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും അനുമതി നല്‍കുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികളെടുക്കണം.

മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പും, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളില്‍ ഇ-മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയവും ഉള്‍പ്പെടുത്തണം. സി.എഫ്.എല്‍, എഫ്.ടി.എല്‍. ലൈറ്റുകളുള്‍പ്പെടെയുളള ഇ-മാലിന്യങ്ങള്‍ വേര്‍തിരിച്ച് വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. കുടുംബശ്രീയൂണിറ്റുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കുകയും അംഗീകൃത ഏജന്‍സികളെ ഏല്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. പുനരുപയുക്തമായ ഇ-മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കണം. ഇ-മാലിന്യങ്ങള്‍ കത്തിക്കുകയോ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി കൂട്ടിയിടുകയോ ഖരമാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തുകയോ ചെയ്യുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉറപ്പുവരുത്തണം. ഇലക്ട്രോണിക് – ഇലക്ട്രിക്കല്‍ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വന്‍തോതിലുള്ള ഉപയോഗത്തിനും അനുവാദമോ ലൈസന്‍സോ നല്‍കുമ്പോള്‍ ഇ-മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ സി.എഫ്.എല്‍, എഫ്.ടി.എല്‍ വിളക്കുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവപോലുളള ഇലക്ട്രാണിക് ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് നിര്‍മ്മാതാക്കളുമായി ഉണ്ടാക്കുന്ന കരാറില്‍ ഉപയോഗശൂന്യമാകുമ്പോള്‍ ഈ വസ്തുക്കള്‍ തിരികെവാങ്ങുമെന്നത് നിര്‍ബ്ബന്ധിത വ്യവസ്ഥയാക്കണം. ഇ-മാലിന്യം ഫലപ്രദമായി ശേഖരിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്ന ത്രിതല തദ്ദേശസ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാനതല പുരസ്‌കാരമേര്‍പ്പടുത്തണം. ഇ-മാലിന്യത്തെ അശാസ്ത്രീയമായി കൈകാര്യം ചെയ്താലുണ്ടാവുന്ന അപകടങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവബോധം നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജൈവവൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്റ്ററേറ്റ് എന്നിവ പരിപാടികള്‍ തയ്യാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം