രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം !

February 20, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Indian jail-pbഭാരതത്തിന്റെ ചരിത്രത്തിലെ ദുഃഖകരമായ ഏടുകളിലൊന്നാണ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന രാജീവ്ഗാന്ധിയുടെ വധം. വധിക്കപ്പെടുമ്പോള്‍ അദ്ദേഹം പ്രധാനമന്ത്രി അല്ലായിരുന്നുവെങ്കിലും രാജ്യം ഒന്നടങ്കം ദുഃഖാകുലമാകുകയും രാഷ്ട്ര ചരിത്രത്തെ വഴിതിരിച്ചുവിടുകയും  ചെയ്ത ഒരു സംഭവമായിരുന്നു അത്.

എല്‍.ടി.ടി.ഇ.തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്പുലികളുമായി ബന്ധമുള്ളവരായിരുന്നു ഈ ക്രൂരകൃത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. അന്ന് അന്വേഷണ സംഘം പ്രതികളാക്കിയവരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരുള്‍പ്പടെ ഏഴുപേരാണ് കഴിഞ്ഞ ഇരുപത്തിമൂന്നുവര്‍ഷമായി ജയില്‍വാസം അനുഭവിച്ചുവന്നത്. ഇതില്‍ മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കി.

വധശിക്ഷയ്ക്ക് വധിക്കപ്പെട്ടവര്‍ ഇത്രയും വലിയ കാലയളവില്‍ ജയിലില്‍ കഴിയേണ്ടിവന്നത് ഭരണഘടനാതത്ത്വങ്ങള്‍ക്കും നിയമസംഹിതയ്ക്കും വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് അവര്‍ക്ക് വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. ജീവപര്യന്തം എന്നതിന് അര്‍ത്ഥം ജീവിതകാലയളവ് മുഴുവന്‍ ശിക്ഷയാണെന്നും എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇവരെ മോചിപ്പിക്കുന്നതിന് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച അടിയന്തിരമായി ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭായോഗം വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയ മൂന്നുപേരേയും നേരത്തേ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയും മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മുഖ്യ രാഷ്ട്രീയ എതിരാളിയായ കരുണാനിധി ഈ നടപടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനത്തെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭവിട്ടുപോയി. മാത്രമല്ല കോണ്‍ഗ്രസിന്റെ ദേശീയ നോതൃത്വവും ഈ തീരുമാനത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടതുകൊണ്ട് പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലായെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. മറിച്ച് ശിക്ഷനടപ്പാക്കുന്നതില്‍വന്ന കാലതാമസമാണ് അതിനാധാരമായി സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തത്. വധശിക്ഷ രാജ്യത്ത് വേണമോ എന്നകാര്യംതന്നെ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. എന്നാല്‍ രാജീവ് വധക്കേസിലെ പ്രതികളെ ഇത്രതിടുക്കത്തില്‍ മോചിപ്പിക്കാനുള്ള ജയലളിതാസര്‍ക്കാരിന്റെ തീരുമാനം അത്ര ലാഘവത്തോടെ കാണാനാകില്ല. പ്രശ്‌നത്തെ രാഷ്ട്രീവല്‍ക്കരിച്ചുകൊണ്ട് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള തന്ത്രമായേ ഇതിനെ കാണാനാകൂ. മറിച്ച് ഈ പ്രശ്‌നത്തിലെ നിയമപരമായ തലങ്ങള്‍ക്കപ്പുറം ധാര്‍മ്മികവും നൈതികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നുള്ളത് കാണാതിരുന്നുകൂടാ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പുലി പ്രഭാകരനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നത് അരമന രഹസ്യമാണ്. അന്ന് ചര്‍ച്ചാവേളയിലുണ്ടായ ചില ഉരസലുകളാണ് രാജീവ് വധത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല രാജീവ് ഗാന്ധിയുടെ ചില നടപടികളും ഈ സംഭവത്തിന് പ്രചോദനമായിട്ടുണ്ട് എന്നാണ് കരുതേണ്ടത്. ആ നിലയില്‍ ഈ വധത്തെ രാജീവ് ഗാന്ധിയെന്ന ഒരു വ്യക്തിയെ കൊലപ്പെടുത്തി എന്നനിലയിലല്ല കാണേണ്ടത്. മറിച്ച് ഭാരതമെന്ന ഒരു രാഷ്ട്രത്തിനെതിരെ നടത്തിയ കൊടും ക്രൂരതയായേ കാണാനാകൂ. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഇത്ര ലാഘവത്തോടെ സമീപിക്കരുതായിരുന്നു.

വധശിക്ഷ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്കുള്ള അധികാരംപോലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എല്ലാ വശങ്ങളും നോക്കിയാണ് പരിഗണിക്കുന്നത്. അതുപോലെ പതിനാലു വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയാണ് ഇതില്‍ പ്രധാനം. ഇവരുടെ സ്വഭാവത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ ഇവര്‍ ഇടപഴകാന്‍ യോഗ്യരാണോ എന്നതിനെക്കുറിച്ചുമൊക്കെ റിപ്പോര്‍ട്ട് നല്‍കേണ്ട ചുമതല ജയില്‍ ഉപദേശകസമിതിക്കാണ്. അല്ലെങ്കില്‍ പുതിയൊരു സമിതിയെ നിയോഗിച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ കണ്ടെത്താവുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മറിച്ച് സുപ്രീംകോടതി വിധിക്കുപിന്നാലെ ജനങ്ങളുടെ കൈയടി നേടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ കുതന്ത്രമായിപ്പോയി ജയലളിതയുടേത്.

ലോകശ്രദ്ധ നേടിയ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ഇത്തരത്തില്‍ ലാഘവത്തോടെ തീരുമാനമെടുക്കുന്നത് തെറ്റായ സൂചനയാണ് സമൂഹത്തിനു നല്‍കുക. നീതിന്യായ വ്യവസ്ഥയോട് ആദരവും കൂറും പുലര്‍ത്തുന്ന ഒരു സര്‍ക്കാരും ഇത്തരം കാര്യങ്ങളില്‍ ലാഘവത്തോടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ പാടില്ല. അതിന്റെ പ്രത്യാഘാതം ഭാവിയില്‍ വലുതായിരിക്കുമെന്ന് മറന്നുപോകുന്നത് ഭാരതത്തിന്റെ ഭരണഘടനയില്‍ത്തൊട്ട് അധികാരത്തിലേറിയ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഭരണഘടനാ തത്ത്വങ്ങളെ ബലികഴിക്കുന്നത് രാഷ്ട്രത്തിന്റെ ഭാവിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരെയെല്ലാം അസ്വസ്ഥരാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍