രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചനം : തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി

February 20, 2014 പ്രധാന വാര്‍ത്തകള്‍

manmohan-singh0012ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി. ജയലളിത സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. ഭീകരതയോട് മൃദുസമീപനം സ്വീകരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഭാരതത്തിന്‍റെ ഒരു പ്രധാനമന്ത്രിയും നിഷ്‌കളങ്കരായ ജനങ്ങളുമാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. രാജീവ് വധം ഇന്ത്യയുടെ ആത്മാവിനേറ്റ ആക്രമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദുഃഖമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യത്തെ ഒരു പ്രധാനമന്ത്രിയുടെ വധക്കേസില്‍ ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും രാഹുല്‍ ചോദിച്ചു. തവിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രതികളുടെ വധശിക്ഷ റദ്ദാക്കിയ നടപടി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജ് സമര്‍പ്പിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍ പേരറിവാളന്‍,നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ വിട്ടയക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം നിരുത്തരവാദപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് കേന്ദ്രത്തെ അറിയിച്ചു. മൂന്ന് ദിവസത്തിനകം തമിഴ്‌നാടിന്റെ തീരുമാനത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഗവര്‍ണറെ കണ്ട് പ്രതികളെ വിട്ടയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം നടത്തിയ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍