മൗറീഷ്യസ് പ്രസിഡന്റും സംഘവും വൈക്കം ക്ഷേത്രദര്‍ശനം നടത്തി

February 20, 2014 കേരളം

വൈക്കം: ലോകസമാധാനത്തിനും ഐശ്വര്യസമ്പല്‍ സമൃദ്ധിക്കുമായി  മൗറീഷ്യസ് പ്രസിഡന്റ് രാജകേശ്വര്‍ പുരിയാഗും ഭാര്യ അനിത പുരിയാഗും വൈക്കം മഹാദേവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ഇന്നലെ രാവിലെ പത്തിനാണു സംഘം ക്ഷേത്രത്തിലെത്തിയത്. മൗറീഷ്യസ് പ്രസിഡന്റിനും പത്നിക്കുമൊപ്പം ഇന്ത്യയിലെ മൗറീഷ്യസ് ഹൈക്കമ്മീഷണര്‍ പ്രദീപ്സിംഗ്, മുതലമട സ്നേഹ ചാരിറ്റബിള്‍ ട്രസ്റിലെ സ്വാമി സുനില്‍ദാസും ട്രസ്റ് അംഗങ്ങളുമുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് പ്രശസ്തമായ  വൈക്കം മഹാദേവക്ഷേത്രത്തില്‍ ലോകസമാധാനത്തിനായി പ്രാര്‍ഥന നടത്തുന്നത് ഏറെ അര്‍ഥവത്താണെന്നു തിരിച്ചറിഞ്ഞാണ് പ്രാര്‍ഥനയ്ക്കായി ഇവിടം തെരഞ്ഞെടുത്തതെന്നു പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. വൈക്കത്തെ നിര്‍ധനരായവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി മൗറീഷ്യസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ പദ്ധതി ആവിഷ്കരിക്കാനുള്ള മോഹവും പ്രസിഡന്റ് ക്ഷേത്രം ഭാരവാഹികളുമായി പങ്കുവച്ചു.

വൈക്കം ക്ഷേത്ര മേല്‍ശാന്തി തരണി ഡി. നാരായണന്‍ നമ്പൂതിരി, തരണി ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പ്രസാദം നല്കി. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണു സംഘം കൊച്ചിയിലേക്കു മടങ്ങിയത്. ഇന്നലെ രാവിലെ പത്തിനു വടക്കേ നടയില്‍ സ്വാമി സുനില്‍ദാസും ട്രസ്റ് അംഗങ്ങളും വൈക്കം ദേവസ്വം അധികൃതരും പൂമാല, പൊന്നാട എന്നിവ അണിയിച്ചാണ് പ്രസിഡന്റിനെയും പത്നിയെയും ക്ഷേത്രത്തിലേക്ക് ആനയിച്ചത്.

ബ്ളാക്ക് ക്യാറ്റ്, ബോംബ് സ്ക്വാഡ് എന്നിവര്‍ക്കൊപ്പം ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, ഡിവൈഎസ്പിമാരായ ബിജു കെ. സ്റ്റീഫന്‍, മനോഹരന്‍, വൈക്കം സിഐ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം